സംസ്ഥാന സർക്കാരിനെ ഉന്നംവച്ചവെടി കൊണ്ടത് ബിജെപിയുടെ നെഞ്ചത്ത്; നമ്പി നാരായണൻ വിഷയത്തിൽ ബിജെപിയിലും ഒറ്റപ്പെട്ട് സെൻകുമാർ

single-img
28 January 2019

നമ്പിനാരായണന് പദ്മഭൂഷൺ നൽകിയതിനെതിരേ രംഗത്തുവന്ന മുൻ ഡിജിപി ടിപി സെൻകുമാർ പിടിച്ചത് പുലിവാല്. കുറച്ചുകാലമായി  ബിജെപി സഹയാത്രികനായ സെൻകുമാർ ബിജെപിയുടെയും അനുബന്ധ സംഘടനകളുടെയും പിന്തുണ ലക്ഷ്യമിട്ടാണ് നമ്പി നാരായണനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്.  എന്നാൽ ബിജെപി സർക്കാർ നൽകിയ അംഗീകാരത്തെ വിമർശിച്ച സെൻകുമാറിനെ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനമുൾപ്പെടെയുള്ളവർ പരസ്യമായി തള്ളിപ്പറയുകയായിരുന്നു.

നമ്പി നാരായണന് പത്മശ്രീ നൽകുവാൻ ശുപാർശ നൽകിയത് സംസ്ഥാനസർക്കാർ ആണെന്ന ധാരണയിലാണ് സെൻകുമാർ ആരോപണങ്ങൾ ഉന്നയിച്ചതെന്നാണ്  രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. എന്നാൽ ബിജെപി. എംപി രാജീവ് ചന്ദ്രശേഖറാണ് നമ്പി നാരായണന് പുരസ്‌കാരത്തിന് ശുപാർശചെയ്ത് പ്രധാനമന്ത്രിക്ക് കത്തെഴുതിയ തെന്നുള്ളതാണ് വാസ്തവം. വിവാദ പ്രസ്താവനകൾക്ക് ശേഷമാണ് ഈ വിവരങ്ങൾ പത്രമാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്.  എന്നാൽ അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയിരുന്നു.

തൃശ്ശൂരിൽ യുവമോർച്ചാ സമ്മേളനത്തിൽ പ്രസംഗിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നമ്പി നാരായണന് പദ്മഭൂഷൺ നൽകിയതിനെ ന്യായീകരിക്കുകകൂടി ചെയ്തതോടെ സെൻകുമാർ തീർത്തും ഒറ്റപ്പെടുകയായിരുന്നു. . മറ്റു ബിജെപി നേതാക്കളും പ്രസ്താവനയെ തള്ളി  രംഗത്തെത്തിയിരുന്നു. ഇതോടെ സംസ്ഥാന സർക്കാരിന് ലക്ഷ്യമിട്ട് ശ്രീകുമാർ ഉന്നയിച്ച ആരോപണം ബിജെപിയിൽ സ്വന്തം നിലനിൽപ്പിനു തന്നെ ഭീഷണിയായി തീർന്നിരിക്കുകയാണ്.

നമ്പിനാരായണന് പത്മ പുരസ്കാരം കിട്ടിയ പശ്ചാത്തലത്തിൽ ശബരിമല കർമസമിതി ദേശീയ ഉപാധ്യക്ഷൻകൂടിയായ സെൻകുമാർ  വൻ വിമർശനമാണ് ഉന്നയിച്ചത്. പദ്മപുരസ്‌കാരം കിട്ടേണ്ട സംഭാവന ഐഎസ്ആർഒ ശാസത്രജ്ഞനായിരുന്ന നമ്പിനാരായണൻ നൽകിയിട്ടുണ്ടോയെന്നായിരുന്നു സെൻകുമാർ ചോദിച്ചത്.  എന്നാൽതാൻ കൊടുത്തിരിക്കുന്ന കേസിൽ പ്രതിയായ സെൻകുമാറിന്റെ വെപ്രാളമാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ കാണുന്നതെന്ന് ഇതിന് നമ്പിനാരായണൻ തിരിച്ചടിക്കുകയായിരുന്നു.

ഇക്കാര്യത്തിൽ അഭിപ്രായം പറയേണ്ടെന്ന നിലപാടിലാണ് ബി.ജെ.പി. സംസ്ഥാന നേതൃത്വം കൈക്കൊണ്ടതെങ്കിലും  നമ്പി നാരായണനെ കാര്യത്തിൽ അഭിപ്രായം പറയാൻ സെൻകുമാർ ആരാണ് എന്നുള്ള ചോദ്യം ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള ഉന്നയിച്ചിരുന്നു.  അതിനുപിന്നാലെ ബിജെപി നേതാക്കൾ ഉൾപ്പെടെ നിരവധി പേരാണ് സെൻകുമാറിനെതിരെ രംഗത്തെത്തിയത്.

അംഗീകാരം കിട്ടുന്നവർക്കെതിരേ സംസാരിക്കുന്നത് മലയാളിയുടെ ഡിഎൻഎ. പ്രശ്‌നമാണെന്നു വ്യക്തമാക്കി കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം രംഗത്തെത്തിയിരുന്നു. ഒരു മലയാളിക്ക് അംഗീകാരം കിട്ടുമ്പോൾ സന്തോഷിക്കുകയാണ് വേണ്ടത്. നമ്പി നാരായണന് ലഭിച്ച പദ്മഭൂഷൺ മലയാളിക്കുള്ള അംഗീകാരമായി കാണണം. സെൻകുമാർ ബിജെപി അംഗമല്ല. അദ്ദേഹത്തിന് എന്തും പറയാനുള്ള അവകാശമുണ്ടെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.

അവാർഡിന്റെ യുക്തി അത് നിർണയിക്കുന്ന കമ്മിറ്റിയുടെ താത്പര്യമാണെന്നു  സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. സെൻകുമാറിെൻറ പ്രസ്താവന മാന്യതയില്ലാത്തതാണെന്നും  അദ്ദേഹം തുറന്നടിച്ചു. സെൻകുമാർ പറഞ്ഞത് അബദ്ധമാണെന്നും അത് പ്രതികരണം അർഹിക്കുന്നില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കി.  പുരസ്കാരം കേന്ദ്രം നൽകിയ അംഗീകാരമാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും രംഗത്തെത്തിയിരുന്നു.

സർവീസിലിരിക്കെത്തന്നെ ഇടതുസർക്കാരുമായി പരസ്യയുദ്ധത്തിനു തയ്യാറായ സെൻകുമാർ അതിൻ്റെ ഭാഗമായി തന്നെയാണ് നമ്പി നാരായണനെതിരെ രംഗത്തുവന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.  എന്നാൽ പ്രസ്താവന സ്ഥാനത്തായ കാഴ്ചയാണ് ഇപ്പോൾ കാണാനാകുന്നത്. പ്രസ്തുത പ്രസ്താവനയോടെ ബിജെപിയിലും സംഘപരിവാറിലും തീർത്തും ഒറ്റപ്പെട്ട നിലയിലാണ് സെൻകുമാർ.