വേശ്യ എന്നു വിശേഷിപ്പിച്ച ഭര്‍ത്താവിനെ കൊലപ്പെടുത്തി; യുവതിക്കു മേല്‍ കൊലപാതക കുറ്റം ചുമത്താന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

single-img
28 January 2019

വേശ്യ എന്നു വിശേഷിപ്പിച്ച ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതിക്ക് മേല്‍ കൊലപാതക കുറ്റം ചുമത്താന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. മദ്രാസ് ഹൈക്കോടതി വിധിച്ച കൊലക്കുറ്റത്തിനെതിരെ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.

ഇന്ത്യന്‍ സ്ത്രീ വേശ്യ എന്ന വിശേഷണം ഇഷ്ടപ്പെടുന്നില്ലെന്നും ഇത്തരം പരാമര്‍ശങ്ങളോടുള്ള പ്രതികരണം കൊലപാതകത്തില്‍ കലാശിച്ചാല്‍ അത് കൊലപാതകമായി കണക്കാക്കാന്‍ കഴിയില്ലെന്നും, മറിച്ച് ഐ.പി.സി 299 പ്രകാരമുള്ള നരഹത്യയാണതെന്നും കോടതി നീരിക്ഷിച്ചതായി ദി ഹിന്ദു റിപ്പോര്‍ട്ടു ചെയ്യുന്നു.

കൊല്ലപ്പെട്ട വ്യക്തി, മറ്റൊരു പുരുഷനുമായി ബന്ധമുള്ള തന്റെ ഭാര്യയേയും അവരുടെ മകളേയും വേശ്യ എന്ന് വിളിച്ചിരുന്നു. ഇരുവരുടേയും അയല്‍ക്കാരന്‍ കൂടിയായ ഭാര്യയുടെ അടുപ്പക്കാരന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊല്ലുകയായിരുന്നു. വാക്കാലുള്ള പ്രകോപനം യുവതിയുടെ ആത്മനിയന്ത്രണം നഷ്ടപ്പെടുത്തുന്നതിന് കാരണമായി എന്ന് കോടതി പറഞ്ഞു. വേശ്യ എന്ന പരാമര്‍ശം നടത്തി നിമിഷങ്ങള്‍ക്കം സ്ത്രീ തന്റെ ഭര്‍ത്താവിനെ അക്രമിച്ചതായും കോടതി നിരീക്ഷിച്ചു.

കൊല്ലപ്പെട്ട വ്യക്തി വേശ്യ എന്ന വാക്കുപയോഗിച്ച് കുറ്റക്കാരിയെ പ്രകോപിപ്പിച്ചതായും നമ്മുടെ സമൂഹത്തില്‍ ഭര്‍ത്താവ് തന്നെ വേശ്യ എന്ന് വിശേഷിപ്പിക്കുന്നത് ഒരു സ്ത്രീയും ഇഷ്ടപ്പെടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതിലും പ്രധാനമായി തന്റെ മകളെ വേശ്യ എന്ന് വിളിക്കുന്നത് കേള്‍ക്കാന്‍ ഒരു സ്ത്രീയും ഇഷ്ടപ്പെടില്ല. മരിച്ച വ്യക്തിയുടെ ദ്രുതഗതിയിലെ പ്രകോപനമാണ് മരണത്തില്‍ കലാശിച്ചതെന്ന് കാണാമെന്നും ജസ്റ്റിസ് ശാന്തന ഗൗഡര്‍ പറഞ്ഞു.