പ്രസാദമൂട്ടിനും ഊട്ടുനേര്‍ച്ചയ്ക്കും ഇനി രജിസ്‌ട്രേഷന്‍ നിര്‍ബന്ധം; ക്ഷേത്രങ്ങള്‍, മുസ്ലിം പള്ളികള്‍, ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ എന്നിവയ്ക്കു പുതിയ തീരുമാനം ബാധകം; നിയമലംഘനത്തിന് 5 ലക്ഷം രൂപ പിഴ

single-img
28 January 2019

ക്ഷേത്രങ്ങള്‍, മുസ്ലിം പള്ളികള്‍, ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ എന്നിവിടങ്ങളില്‍ പ്രസാദമൂട്ടിനും, ഊട്ടുനേര്‍ച്ചയ്ക്കും ഇനി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ റജിസ്‌ട്രേഷന്‍ നിര്‍ബന്ധമെന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍. റജിസ്‌ട്രേഷനില്ലാതെ ഭക്ഷണവിതരണം നടത്തുന്നത് 5 ലക്ഷം രൂപ പിഴയോ 6 മാസം തടവോ ലഭിക്കാവുന്ന കുറ്റമാണെന്നും ഉത്തരവില്‍ പറയുന്നു.

കൗണ്ടറുകള്‍ വഴി പ്രസാദ വിതരണം നടത്താന്‍ ലൈസന്‍സ് എടുക്കണമെന്നു നേരത്തെ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ ഉത്തരവിട്ടിരുന്നെങ്കിലും ഊട്ടുനേര്‍ച്ചയ്ക്കും പ്രസാദമൂട്ടിനുമെല്ലാം നിയന്ത്രണം ബാധകമാക്കിയത് ഇപ്പോഴാണ്.

പ്രസാദമായോ ഭക്ഷണമായോ വിതരണം ചെയ്യുന്ന എല്ലാ ആഹാരപദാര്‍ഥങ്ങളും റജിസ്‌ട്രേഷന്റെ പരിധിയില്‍പ്പെടും. ഇതുസംബന്ധിച്ച് ഓരോ ജില്ലയിലെയും ആരാധനാലയ പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ കമ്മിഷണര്‍ നിര്‍ദേശിച്ചിരുന്നു.

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റജിസ്‌ട്രേഷന് 100 രൂപയാണ് ഒരുവര്‍ഷത്തെ ഫീസ്. ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കാം. അപേക്ഷകന്റെ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും ഫോട്ടോയുമടക്കം അക്ഷയ കേന്ദ്രങ്ങള്‍ വഴിയും അപേക്ഷിക്കാം. അസി. ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍മാരും സര്‍ക്കിള്‍ ഭക്ഷ്യസുരക്ഷാ ഓഫിസര്‍മാരുമാണ് റജിസ്‌ട്രേഷന്‍ നടപടികള്‍ ഏകോപിപ്പിക്കുന്നത്.