പ്രളയത്തിൽ കുടുങ്ങി ഒറ്റപ്പെട്ടു വിശന്നു വലയുന്നവർക്ക് ആഹാരം എത്തിക്കുവാനുള്ള വ്യഗ്രയിലായിരുന്നു അദ്ദേഹം; പ്രളയത്തിനെതിരെ പോരാടി രാഷ്ട്രപതിയുടെ വിശിഷ്ട സേവാമെഡൽ സ്വന്തമാക്കിയ ഹേമന്ദ് രാജിനെ കുറിച്ച് മാധ്യമപ്രവർത്തകൻ

single-img
28 January 2019

പ്രളയം വിഴുങ്ങിയ കേരളത്തില്‍ രക്ഷാദൗത്യവുമായെത്തിയ സൈനികര്‍ക്ക് രാജ്യത്തിന്‍റെ ആദരം ലഭിച്ചപ്പോൾ അതിൽ  കരസേനയുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മേജര്‍ ആര്‍ ഹേമന്ദ് രാജിൻ്റെയും പൂര്‍ണ ഗര്‍ഭിണിയെ രക്ഷപ്പെടുത്തിയ കമാന്‍ഡര്‍ വിജയ് വര്‍മയുടെയും നേട്ടം മലയാളികൾ എന്നും ഓർക്കുന്നവയാണ്. ഇതിൽ ഓണം ആഘോഷിക്കാൻ ലീവ് എടുത്തിട്ടും അതു പിൻവലിച്ച് രക്ഷാപ്രവർത്തനങ്ങൾക്കിറങ്ങിയ  ചെങ്ങന്നൂർ സ്വദേശിയായ മേജർ ഹേമന്ത് രാജിൻ്റെ പ്രവർത്തനം അഭിനന്ദനം നേടിയിരുന്നു.

ഇന്ത്യൻ ആർമിയിലെ 28 മദ്രാസ് സപ്ത് ശക്തി കമാൻഡ് വിംഗിലെ ഓഫീസറാണ് ഹേമന്ത് രാജ്. ചെങ്ങന്നൂരിലേക്ക് എത്തിച്ചേർന്ന സഹായഹസ്തങ്ങളെ ഏകോപിപ്പിച്ച് നിർത്തിയത് ഈ സൈനികന്റെ യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളായിരുന്നു. ലീവ് സംഘടിപ്പിച്ച് നാട്ടിലേക്ക് ഓടിയെത്തിയത് ഓണമാഘോഷിക്കാനാണെങ്കിലും ഹേമന്തിന്റെ നിയോഗം മറ്റൊന്നായിരുന്നു. നൂറ് കണക്കിന് ആളുകളെയാണ് മത്സ്യത്തൊഴിലാളികൾക്കും പൊലീസിനും ഒപ്പം നിന്ന് മേജർ ഹേമന്ദ് രാജ് രക്ഷിച്ചെടുത്തത്.

ഹേമന്ദ് രാജിൻ്റെ പ്രവർത്തനമികവിനെപ്പറ്റി രക്ഷാപ്രവർത്തന സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകൻ ശ്യാം ദേവരാജിൻ്റെ കുറിപ്പ് വായിക്കാം:

പ്രളയത്തിനെ അതിജീവിക്കാൻ ഒരു നാട് ഒന്നാകെ അവസാന നിമിഷവും കൈകോർത്ത് പിടിക്കുകയാണ്. എല്ലാവരും അവർക്കാവുന്നത് പരമാവധി ചെയ്യുന്നു. പ്രളയത്തിൽ കുടുങ്ങിയ ചെങ്ങന്നൂരിലെ ജനങ്ങൾക്ക് ഹെലികോപ്റ്റർ വഴിയാണ് ഭക്ഷണ വിതരണം. ഭക്ഷണം ശേഖരിച്ച് ഹെലികോപ്റ്റർ പറന്നു പൊങ്ങുന്നതും തിരികെ ഇറങ്ങുന്നതും ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ. ദിവസങ്ങളായി ഭക്ഷണം കഴിക്കാൻ കഴിയാതെ പ്രളയത്തിൽ കുടുങ്ങിയവർ ചെങ്ങന്നൂരിന്റെ പല മേഖലകളിലും ഇനിയുമുണ്ട്. അവർക്ക് ആകാശമാർഗ്ഗം, ഹെലികോപ്റ്റർ വഴിയാണ് ഭക്ഷണം ഉൾപ്പെടുന്ന പാക്കറ്റ് എത്തിക്കുന്നത്. ഇത് ശേഖരിക്കുന്നത് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിന്‌ സമീപത്ത്. എത്തിച്ച ഭക്ഷണ പാക്കറ്റുകൾ എല്ലാം വിതരണം ചെയ്തു കഴിഞ്ഞു. ഇനിയും ചില പ്രദേശങ്ങളിൽ പാക്കറ്റുകൾ എത്താനുണ്ട്. പക്ഷേ നൽകാൻ ഭക്ഷണ പാക്കറ്റുകൾ ഇല്ല. ഇതറിഞ്ഞാണ് ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാൻ എത്തിയത്. അവസ്ഥ എന്തെന്ന് വിശദീകരിച്ചത് ചുമതലക്കാരൻ ആയ മേജർ ഹേമന്ദ് രാജ്. ഹെലികോപ്റ്റർ റെഡി. അരമണിക്കൂർ മാത്രമാണ് മുന്നിൽ. ആറ് മണി കഴിഞ്ഞാൽ നേരമിരുട്ടും. പിന്നെ ഹെലികോപ്റ്റർ വഴിയുള്ള സഹായ വിതരണം നിർത്തി വയ്ക്കേണ്ടിവരും. ആശങ്കകൾ കൃത്യമായി ബോധ്യപ്പെടുത്തി. അവസ്ഥ എന്തെന്ന് എംഎൽഎയോട് വിശദീകരിച്ചു. മുന്നിലുള്ള അവസാന നിമിഷങ്ങളിലും സാധ്യമായതൊക്കെ ചെയ്യാനാണ് മേജർ ഹേമന്ദ് രാജ് ശ്രമിച്ചത്. മണിക്കൂറുകൾ, ദിവസങ്ങൾ ആണ് മേജർ ഹേമന്ദ് രാജിന്റെ നേതൃത്വത്തിലുള്ള സൈനികസംഘം പ്രളയത്തെ അതിജീവിക്കാൻ സാധ്യമായതെല്ലാം ചെയ്തത്. പ്രളയത്തിൽ നിന്ന് അതിജീവിക്കാൻ ചെങ്ങന്നൂരിലെ ജനതയ്ക്ക് കരുത്ത് നൽകിയ, രാഷ്ട്രപതിയുടെ വിശിഷ്ട സേവാമെഡൽ നേടിയ മേജർ ഹേമന്ദ് രാജിന് അഭിനന്ദനങ്ങൾ.

(മൊബൈലിൽ പകർത്തിയ ആ നിമിഷത്തെ ദൃശ്യങ്ങൾ പങ്കുവയ്ക്കുന്നു. 2018 ആഗസ്റ്റ് 20ന്‌ വൈകിട്ട് 05:25ന്‌ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിന് സമീപത്തുനിന്നും പകർത്തിയത്)

https://www.facebook.com/syamdevaraj/posts/10219107211058939