വാട്‌സാപ്പിന്റെ കാര്യത്തിലും തീരുമാനമായി

single-img
27 January 2019

മെസേജിങ് ആപ്ലിക്കേഷനുകളായ വാട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് മെസഞ്ചര്‍ എന്നിവയെ ഒന്നിപ്പിക്കാനുള്ള നീക്കവുമായി ഫേസ്ബുക്ക്. അതായത് ഫെയ്‌സ്ബുക് മെസേജുകള്‍ ഇനി വാട്‌സാപ്പിലേക്കും ഇന്‍സ്റ്റാഗ്രാമിലേക്കും മെസേജ് അയക്കാന്‍ സാധിക്കും.

തിരിച്ച് വാട്‌സാപ് മെസേജുകള്‍ മെസഞ്ചറിലേക്കും അയക്കാന്‍ സാധിക്കും. ഇതോടെ വാട്‌സാപ്പിന്റെ എന്‍ഡ് ടു എന്‍ഡ് സുരക്ഷയൊക്കെ നഷ്ടപ്പെട്ടേക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. സങ്കീര്‍ണമായ പ്രക്രിയ ആയതിനാല്‍ തന്നെ നടപ്പില്‍ വരുത്താന്‍ സമയമെടുക്കും.

ഈ വര്‍ഷം അവസാനത്തിലോ അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യത്തിലോ പദ്ധതി വന്നേക്കും. ന്യൂയോര്‍ക്ക് ടൈംസാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പ്രത്യേക താല്‍പര്യമാണ് പുതിയ നീക്കത്തിന് പിന്നില്‍.

സ്വകാര്യതാ വിവാദത്തിന്റെ പശ്ചാതലത്തില്‍ ഫേസ്ബുക്കില്‍ നിന്ന് വരുന്ന പുതിയ നീക്കത്തെ ആകാംക്ഷയോടെ തന്നെയാണ് സൈബര്‍ രംഗത്തെ പലരും നോക്കിക്കാണുന്നത്. എന്നാല്‍ മൂന്ന് ആപ്ലിക്കേഷനും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നത് ഫേസ്ബുക്കിന്റെ ജോലിയെ എളുപ്പമാക്കുമെന്നാണ് വിലയിരുത്തുന്നത്.

പുതിയ ഫീച്ചറുകള്‍ ഒരോന്നിനും അവതരിപ്പിക്കേണ്ടി വരില്ല എന്നാണ് ഒരു കാരണം. ഡേറ്റ പങ്കുവെക്കലുള്‍പ്പെടെയുള്ള കാര്യങ്ങള്‍ എളുപ്പമാകുകയും ചെയ്യും. പരസ്യവരുമാനവും പുതിയ നീക്കത്തിന് പിന്നിലുണ്ടെന്നാണ് സൂചന.