കരിങ്കൊടി, കാർട്ടൂൺ, ഗോ ബാക് മോദി ക്യാംപെയ്ന്‍; ഇന്ന് തമിഴ്‌നാട്ടിലെത്തുന്ന പ്രധാനമന്ത്രിയെ കാത്തിരിക്കുന്നത് വന്‍ ജനരോഷം

single-img
27 January 2019

ഗജ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് തീരദേശ ജനത നേരിടുന്ന ദുരിതങ്ങളെ കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് തമിഴ്‌നാട്ടിലെത്തുന്ന പ്രധാനമന്ത്രിയെ കാത്തിരിക്കുന്നത് വന്‍ ജനരോഷം. ഗോ ബാക് മോദി ക്യാംപെയ്ന്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങായിക്കഴിഞ്ഞു.

തമിഴ് നവോത്ഥാന നായകന്‍ പെരിയാര്‍ മോഡിയെ ഓടിക്കുന്നതും തമിഴ്‌നാട് മോഡിയെ ചവിട്ടി പുറത്താക്കുന്നതും തൂക്കിയെറിയുന്നതും ചിത്രീകരിക്കുന്ന കാര്‍ട്ടൂണുകളാണ് ഗോ ബാക് മോഡി ക്യാംപെയ്‌ന്റെ ഭാഗമായി  സോഷ്യൽ മീഡിയ നിറഞ്ഞിരിക്കുന്നത്. തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരെ സമരം ചെയ്ത 13 പേരെ വെടിവെച്ചുകൊന്നതും 12-ാം ക്ലാസ് പരീക്ഷയിലെ മാര്‍ക്ക് പരിഗണിക്കുന്നതിന് പകരം നീറ്റ് പരീക്ഷ ഏര്‍പ്പെടുത്തിയതും പ്രതിഷേധത്തിനുള്ള മറ്റ് കാരണങ്ങളാണ്.

മധുരയില്‍ എയിംസ് ആശുപത്രിയുടെ ശിലാസ്ഥാപനത്തിന് വേണ്ടിയാണ് പ്രധാനമന്ത്രിയെത്തുന്നത്. എയിംസ് ശിലാസ്ഥാപനത്തിന് വേണ്ടിയുള്ള മോഡിയുടെ വരവ് ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണെന്ന് ഡിഎംകെ വക്താവ് എ ശരവണന്‍ പറഞ്ഞു.  മോദിയുടെ വരവ് പ്രമാണിച്ച് പ്രതിഷേധക്കാരില്‍ ചിലര്‍ വീടിന് മുന്നില്‍ കരിങ്കൊടി നാട്ടിയിട്ടുമുണ്ട്.

ഈ പ്രതിഷേധത്തിന് പുറകില്‍ ഞങ്ങളല്ല. ജനങ്ങളുടെ രോഷമാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നു എ ശരവണൻ പറഞ്ഞു. എയിംസ് ആശുപത്രിയുടെ നിര്‍മ്മാണം രണ്ട് വര്‍ഷം മുമ്പ് നടക്കേണ്ടതായിരുന്നു. എന്തിനാണ് പ്രൊജക്ട് ഇത്രയം വൈകിപ്പിച്ചത്? തെരഞ്ഞെടുപ്പിന് മുമ്പുള്ള ഒരു തട്ടിപ്പ് മാത്രമാണ് ഈ ശിലാസ്ഥാപനമെന്നും  അദ്ദേഹം കുറ്റപ്പെടുത്തി.

രണ്ടാം തവണയാണ് സമൂഹമാധ്യമങ്ങളില്‍ നിന്നുള്‍പ്പെടെ പ്രധാനമന്ത്രി തമിഴ്ജനതയുടെ കടുത്ത എതിര്‍പ്പ് നേരിടുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ചെന്നൈയിലെത്തിയ മോഡിയ്‌ക്കെതിരെ പ്രതിഷേധിച്ചവര്‍ നൂറുകണക്കിന് കറുത്ത ബലൂണുകള്‍ പറത്തിയിരുന്നു.