ദക്ഷിണാഫ്രിക്കന്‍ താരത്തേയും അമ്മയേയും അപമാനിച്ച സംഭവം; പാക് നായകന്‍ സര്‍ഫ്രാസിന് നാല് മത്സരങ്ങളില്‍ വിലക്ക്

single-img
27 January 2019

ദക്ഷിണാഫ്രിക്കന്‍ താരം ആന്‍ഡൈല്‍ ഫെലുക്ക്വായോക്കെതിരെ വംശീയാധിക്ഷേപം നടത്തിയതിന് പാകിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദിന് നാല് മത്സരങ്ങളില്‍ വിലക്ക്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ന് നടക്കുന്ന ഏകദിനവും അവസാന ഏകദിനവും പാക് താരത്തിന് നഷ്ടമാവും. മൂന്ന് ട്വന്റി 20 പരമ്പരകളിലെ ആദ്യ രണ്ട് ട്വന്റി മത്സരവും ക്യാപ്റ്റന് നഷ്ടമാവും.

ചൊവ്വാഴ്ച്ച ഡര്‍ബനില്‍ നടന്ന ദക്ഷിണാഫ്രിക്കയും പാകിസ്ഥാനും തമ്മിലുള്ള രണ്ടാം ഏകദിനത്തിനെടയാണ് സര്‍ഫറാസ് ഫെലുക്വായോയെ അപമാനിച്ചത്. തുടര്‍ന്ന് സര്‍ഫറാസ് ഫെലുക്വായോടും ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസിനോടും മാപ്പ് ചോദിച്ചിരുന്നു. പാക് ക്യാപ്റ്റന്റെ മാപ്പപേക്ഷ ഇരുവരും സ്വീകരിക്കുകയും ചെയ്തു.

എന്നാല്‍ ഐ.സി.സി നടപടിയുമായി മുന്നോട്ടുപോകുകയായിരുന്നു. ഐ.സി.സിയുടെ വംശീയാധിക്ഷേപ വിരുദ്ധ നിയമം സര്‍ഫറാസ് തെറ്റിച്ചുവെന്നും അതിനാലാണ് നടപടി സ്വീകരിച്ചതെന്നും ഐ.സി.സി വ്യക്തമാക്കി. സംഭവത്തില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഖേദം പ്രകടിപ്പിച്ചിരുന്നു.