വാര്‍ത്താസമ്മേളനത്തില്‍ സെന്‍കുമാര്‍ വീമ്പിളക്കിയത് വാട്‌സാപ്പില്‍ വന്ന മണ്ടത്തരം വിശ്വസിച്ച്; ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

single-img
27 January 2019

ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കിയതിനെ വിമര്‍ശിച്ച ടിപി സെന്‍കുമാറിന്റെ നടപടി വന്‍ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. നിരവധി നേതാക്കള്‍ സെന്‍കുമാറിനെതിരെ രംഗത്തുവരികയും ചെയ്തിരുന്നു.

പത്മഭൂഷണന്‍ നല്‍കി ആദരിക്കാനായി എന്ത് സംഭാവനയാണ് നമ്പി നാരായണന്‍ നല്‍കിയത് എന്നായിരുന്നു സെന്‍കുമാറിന്റെ ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ ചോദിച്ചത്. രാജ്യത്തിന് വേണ്ടി ചെറിയ ചെറിയ കണ്ടുപിടുത്തങ്ങള്‍ നടത്തുന്നവര്‍ക്ക് ഒരു അംഗീകാരവും ലഭിക്കുന്നില്ലെന്നു പറഞ്ഞായിരുന്നു സെന്‍കുമാറിന്റെ പ്രധാന വിമര്‍ശനം.

ഇതിന് ഉദാഹരണമായി സെന്‍കുമാര്‍ പറഞ്ഞതാകട്ടെ ഹൈദരാബാദിലെ 11 കാരനായ കുട്ടി അമേരിക്കന്‍ പ്രസിഡന്റിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത സംഭവവും. ”നമ്മുടെ രാഷ്ട്രത്തിന് വേണ്ടി ചെറിയ ചെറിയ കണ്ടുപിടുത്തങ്ങള്‍ നടത്തിയ കൊച്ചുകുട്ടിമുതല്‍ വലിയ ആളുകള്‍ വരെയുള്ള നിരവധി പേരുണ്ട്. ഹൈദരാബാദിലെ ഒരു കൊച്ചുകുഞ്ഞ് 11 പതിനഞ്ച് വയസുള്ള ഒരു കുട്ടി വളരെ കഷ്ടപ്പെട്ട് പൈസ സ്വരുക്കൂട്ടി ഒരു കമ്പ്യൂട്ടര്‍ വാങ്ങി.

ആദ്യം ഹാക്ക് ചെയ്തു. അതിന് അവന് ശിക്ഷകിട്ടി. അതിന് ശേഷം അവന്‍ ഹാക്ക് ചെയ്തത് അമേരിക്കന്‍ പ്രസിഡന്റിന്റെ വെബ്സൈറ്റാണ്. ഇതിന് ശേഷം അവര്‍ ഇവിടെ വന്നു. ഇവനെ അമേരിക്കയിലേക്ക് കൊണ്ടുപോയി. കുട്ടിക്കെതിരെ കേസെടുക്കുകയല്ല ചെയ്തത്. അവന് എത്തിക്കല്‍ ഹാക്കിങ്ങിന്റെ ട്രെയിനിങ് കൊടുത്തു.

ഇന്ന് ലോകത്ത് ഏറ്റവും കൂടതല്‍ ശമ്പളം വാങ്ങുന്ന ആളാണ് അവന്‍. 20 വയസില്‍ താഴെയേ പ്രായമുള്ളൂ. നമ്മുടെ വാട്സ് ആപ്പിലൊക്കെ വന്നിട്ടുണ്ട്. പേര് ഞാന്‍ വിട്ടുപോയി. ഹൈദരാബാദിലുള്ള ഒരു കുട്ടിയാണ്”, എന്നായിരുന്നു സെന്‍കുമാറിന്റെ പ്രസ്താവന.

എന്നാല്‍ അത്തരത്തില്‍ ഹൈദരാബാദില്‍ നിന്നുള്ള പയ്യന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തിട്ടില്ലെന്നതാണ് സത്യം. മാത്രമല്ല അമേരിക്കന്‍ പ്രസിഡന്റിന് സ്വന്തമായി വെബ്സൈറ്റും ഇല്ല എന്നതാണ് സത്യം. ഇക്കാര്യം നിരവധിപേര്‍ സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഒരാളുടെ കമന്റ് ഇങ്ങനെ:

ഒന്ന് ഗൂഗിള്‍ മുത്തശ്ശിയോട് ചോദിച്ചപ്പോള്‍ കഥ വ്യാജമാണെന്ന് മനസിലായി. എന്തിനു, അമേരിക്കന്‍ പ്രഡന്റിനു ഒരു വെബ്സൈറ്റ് ഇല്ല. ആകെ വൈറ്റ് ഹൗസിനു ഒരു വെബ്സൈറ്റ് ഉണ്ട്. കേശവന്‍ കഥകള്‍ വായിച്ചു അത് സത്യമാണെന്നു കരുതിയതും പോരാഞ്ഞു, പത്മഭൂഷണും കൊടുക്കണമെന്ന് പറഞ്ഞ ഈ ബുദ്ധിമാന്‍ കേരളത്തിന്റെ DGP ആയിരുന്നത്രേ ! ഇയാളെ പിണറായി പുറത്താക്കിയില്ലായിരുന്നെങ്കില്‍, കേരളത്തിലെ ഫ്രൂട്ടിയെല്ലാം പിടിച്ചെടുത്തു നശിപ്പിച്ചു, കേരളത്തെ എയിഡ്‌സില്‍ നിന്ന് രക്ഷിക്കച്ചേനേ..! ????. എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.

നേരത്തെ, നമ്പി നാരായണനെക്കുറിച്ച് ടിപി സെന്‍കുമാര്‍ നടത്തിയ വിമര്‍ശനത്തിനെതിരെ തുറന്നടിച്ച് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്തുവന്നിരുന്നു. . അംഗീകാരം കിട്ടുന്നവര്‍ക്കെതിരെ സംസാരിക്കുന്നത് മലയാളിയുടെ ജനിതകപ്രശ്‌നമാണെന്ന് കണ്ണന്താനം കുറ്റപ്പെടത്തി. സെന്‍കുമാറിന്റെ പ്രസ്താവന മാന്യതയില്ലാത്തതാണെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പ്രതികരിച്ചു. അതേസമയം സെന്‍കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചു.