വളച്ചൊടിച്ചത് സുപ്രീംകോടതി വിധിയെ; നമ്പി നാരായണനെതിരെയുള്ള സെൻകുമാറിൻ്റെ അധിക്ഷേപം കോടതി കയറാൻ സാധ്യത

single-img
27 January 2019

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന് പത്മ പുരസ്‌കാരം നല്‍കിയതിനെ മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ വിമര്‍ശിച്ചത് കോടതി അലക്ഷ്യ പരിധിയിൽപ്പെടുന്ന കാര്യമാണെന്ന് നിയമവിദഗ്ധർ.  സുപ്രീം കോടതിവിധിയെ വളച്ചൊടിച്ചുകൊണ്ടാണ് സെൻകുമാർ നമ്പി നാരായണനെതിരെ രംഗത്തുവന്നതെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റി നമ്പി നാരായണനെതിരായ ആരോപണങ്ങളും പരിശോധിക്കുമെന്നും അന്തിമ റിപ്പോര്‍ട്ട് വരുന്നതുവരെ നമ്പി നാരായണന്‍ സംശയത്തിന്റെ നിഴലില്‍ ആണെന്നുമാണ് സെന്‍കുമാര്‍ കഴിഞ്ഞ ദിവസം ആരോപിച്ചത്.  എന്നാൽ നമ്പി നാരായണന് അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട വിധി തന്നെയാണ് മുന്‍ ഡിജിപിയുടെ വാദം വസ്തുതാ വിരുദ്ധമാണെന്നതിന് തെളിവെന്നാണ് നിയമ വിദഗ്ധർ പറയുന്നത്.

ചാരക്കേസ് അന്വേഷണത്തില്‍ തെറ്റുവരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എങ്ങനെ, എന്ത് നടപടിയെടുക്കണം എന്ന് പരിശോധിക്കാനാണ് സുപ്രീം കോടതി ജസ്റ്റിസ് ഡി കെ ജയിനിൻ്റെ നേതൃത്വത്തില്‍ അന്വേഷണസമിതിയെ നിയോഗിച്ചത്. ഇക്കാര്യം 2018 സെപ്റ്റംബര്‍ 14ലെ കോടതി ഉത്തരവില്‍ വ്യക്തമായുണ്ടെന്നും അവർ പറയുന്നുണ്ട്.

പത്മഭൂഷൻ പുരസ്കാര വാര്‍ത്തയ്ക്ക് ശേഷമുള്ള `ശരാശരിയില്‍ താഴെയുള്ള ശാസ്ത്രജ്ഞനാണ് നമ്പി നാരായണ´നെന്ന  പ്രതികരണമാണ് വിവാദത്തിലായത്. രാജ്യത്തിന് എന്ത് സംഭാവനയാണ് ഈ ‘മഹാന്‍’ നല്‍കിയതെന്ന് വിശദീകരിക്കാനുള്ള ബാധ്യത ശുപാര്‍ശ ചെയ്തവര്‍ക്കും പുരസ്‌കാരം നല്‍കിയവര്‍ക്കുമുണ്ട്. ഇങ്ങനെയാണെങ്കില്‍ ഐഎസ്ആര്‍ഒ കേസില്‍ ചാരവനിതയായി മുദ്രകുത്തിയ മറിയം റഷീദയ്ക്കും ഗോവിന്ദച്ചാമിമാര്‍ക്കും അമീറുള്‍ ഇസ്ലാമിനുമെല്ലാം പുരസ്‌കാരം കൊടുക്കുന്നത് കാണേണ്ടി വരും-  സെൻകുമാർ പറഞ്ഞിരുന്നു.

അമൃതില്‍ ഒരുത്തിരി വിഷം കലര്‍ന്ന പോലെയാണ് പത്മ അവാര്‍ഡുകള്‍ വന്നപ്പോള്‍ തോന്നിയതെന്നും മുന്‍ ഡിജിപി പറഞ്ഞിരുന്നു. സുപ്രീം കോടതിവിധിയെ വളച്ചൊടിച്ചുകൊണ്ട് സെൻകുമാർ നടത്തിയ പരാമർശങ്ങൾ കോടതിയലക്ഷ്യ പരിധിയിൽ പെടുന്നതാണെന്നാണ്  നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഈ കോടതിയലക്ഷ്യ നടപടി കോടതിയിലെത്തുവാനുള്ള സാധ്യതയും അവർ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഭാരതരത്ന പുരസ്കാരം തനിക്കു നല്‍കിയ  കേന്ദ്രസര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത മുന്‍ ഡിജിപിക്ക് ശക്തമായ ഭാഷയില്‍ മറുപടി നല്‍കി നമ്പി നാരായണന്‍ രംഗത്തെത്തി. മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ ആരുടെ ഏജന്റായാണ് പ്രവര്‍ത്തിക്കുന്നതെന്ന് അറിയില്ലെന്ന് നമ്പി നാരായണന്‍ പറഞ്ഞു. താന്‍ കൊടുത്ത മാനനഷ്ട കേസിലെ പ്രതിയാണ് സെന്‍കുര്‍. കേസില്‍ പെടുമോയെന്ന് സെന്‍കുമാറിന് ഭയമുണ്ടാകും. സെന്‍കുമാര്‍ കോടതി വിധി മനസിലാക്കിയിട്ടില്ലെന്നും പറയുന്നതില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.