സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ 30 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് പതിനാറുകാരന്‍

single-img
27 January 2019

സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ 30 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് നേപ്പാള്‍ കൗമാര താരം രോഹിത് പൗഡല്‍. രാജ്യാന്തര ക്രിക്കറ്റില്‍ അര്‍ധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് സച്ചിനെ മറികടന്ന് രോഹിത് സ്വന്തമാക്കിയത്. യുഎഇയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലാണ് നേട്ടം.

16 വയസും 146 ദിവസവുമാണ് രോഹിത്തിന്റെ പ്രായം. 1989ല്‍ 16 വയസും 213 ദിവസവും പ്രായമുള്ളപ്പോഴാണ് സച്ചിന്‍ പാക്കിസ്ഥാനെതിരെ അര്‍ധസെഞ്ചുറി നേടിയത്. പാക് താരം ഷാഹിദ് അഫ്രീദിയെ മറികടന്ന് ഏകദിനത്തില്‍ അര്‍ധസെഞ്ചുറി തികയ്ക്കുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടവും രോഹിത് സ്വന്തമാക്കി. അഫ്രീദിയുടെ 20 വര്‍ഷം പഴക്കമുളള റെക്കോര്‍ഡാണ് രോഹിത് പഴങ്കഥയാക്കിയത്.

58 പന്തില്‍ 55 റണ്‍സാണ് യു.എ.ഇക്കെതിരേ രോഹിത് അടിച്ചെടുത്തത്. ആദ്യ ഏകദിനം മൂന്ന് വിക്കറ്റിന് തോറ്റ നേപ്പാള്‍ രണ്ടാം ഏകദിനം 145 റണ്‍സിന് ജയിച്ച് പരമ്പരയില്‍ ഒപ്പമെത്തിയിട്ടുണ്ട്. 33 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ സോംപാല്‍ കാമിയാണ് യു.എ.ഇയെ എറിഞ്ഞിട്ടത്. നേപ്പാള്‍ 242 റണ്‍സെടുത്തപ്പോള്‍ യു.എ.ഇയുടെ പോരാട്ടം 97-ല്‍ അവസാനിച്ചു.

അതേസമയം, ഏകദിനത്തിലെ ഏറ്റവും പ്രായംകുറഞ്ഞ അര്‍ധസെഞ്ചുറി ഒരു വനിതാ താരത്തിന്റെ പേരിലാണ്. തന്റെ പതിനാലാം വയസില്‍ ഏകദിനത്തിലും ടെസ്റ്റിലും അര്‍ധസെഞ്ചുറി നേടിയ ജോമറി ലോഗ്ടണ്‍ബര്‍ഗിന്റെ പേരിലാണ് ആ റെക്കോര്‍ഡ്.