മോഹൻലാലിന് നൽകിയത് പോലെ മമ്മൂട്ടിക്കും പത്മ പുരസ്കാരം നൽകണം; സെൻകുമാർ മൃഗത്തേക്കാളും അധഃപതിച്ചു: രാജ്മോഹൻ ഉണ്ണിത്താൻ

single-img
27 January 2019

പ്രണബ് കുമാര്‍ മുഖര്‍ജിക്ക് ഭാരതരത്‌ന നല്‍കിയതിനെതിരെ കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. നാഗ്പൂരില്‍ പോയി ആര്‍എസ്എസ് സ്ഥാപകന്‍ രാജ്യസ്‌നേഹിയാണെന്ന് എഴുതി കൊടുത്തത് കൊണ്ട് മാത്രമാണ് പ്രണബ് മുഖര്‍ജിക്ക് ഭാരതരത്‌ന നല്‍കിയതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തുറന്നടിച്ചു.ഇക്കുറി പത്മഭാരതരത്‌ന പുരസ്‌കാരങ്ങള്‍ നല്‍കിയത് നിക്ഷപക്ഷമായല്ലെന്നും അദ്ദേഹം ആരോപിച്ചു.

നേരത്തെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും  പ്രണബ് പ്രണബ് മുഖർജിക്ക് ഭാരതരത്നം നൽകിയതിനെതിരെ രംഗത്തെത്തിയിരുന്നു. ഭൂപന്‍ ഹസാരിക വലിയ കലാകാരനാണെങ്കിലും അദ്ദേഹവും ആര്‍എസ്എസുകാരനാണ്. അതേപോലെ നാനാജി ദേശ്മുഖ് അദ്ദേഹത്തിനും ഭാരതരത്‌ന കൊടുത്തു. എന്ത് യോഗ്യതയാണ് അദ്ദേഹത്തിനുള്ളത്. പണ്ട് ജനതാസര്‍ക്കാര്‍ ഉണ്ടാക്കാന്‍ സഹായിച്ചതാവാമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.  

പത്മ പുരസ്‌കാരം നല്‍കുന്നതിലും ഉന്നതമായ യോഗ്യതകള്‍ ഉള്ളവര്‍ക്കാണ് ഭാരതരത്‌ന നല്‍കേണ്ടത്. മദന്‍ മോഹന്‍ മാളവ്യയ്ക്ക് നേരത്തെ വാജ്‌പേയ്‌ക്കൊപ്പം ഭാരതരത്‌ന നല്‍കിയിരുന്നു. അതിനെതിരെ വിമര്‍ശനം ഉയര്‍ത്തിയവര്‍ക്ക് ബിജെപി നല്‍കിയ മറുപടി അദ്ദേഹം ബനാറസ് സര്‍വകലാശാല സ്ഥാപിച്ചിരുന്നു എന്നാണ്. ലോകപ്രശസ്തമായ അലിഗഢ് സര്‍വകലാശാല സ്ഥാപിച്ച സര്‍ സയ്യീദ് അഹമ്മദ്ഖാനും ഭാരതരത്‌ന കൊടുക്കണം എന്ന ആവശ്യം അപ്പോള്‍ ഉയര്‍ന്നു. മുസ്ലീങ്ങള്‍ക്കൊന്നും കൊടുക്കാനുള്ളതല്ല ഭാരതരത്‌ന എന്നാണ് അന്ന് ആര്‍എസ്എസ് പറഞ്ഞത്. ഇന്ന് മോഹന്‍ലാലിന് കിട്ടിയ പോലെ നാളെ മമ്മൂട്ടിക്കും പത്മപുരസ്‌കാരം ലഭിക്കണമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

സെന്‍കുമാര്‍ ഇരുന്ന പദവിയുടെ മഹത്വമെങ്കിലും കാണിക്കണമെന്നും  ഉണ്ണിത്താൻ ചൂണ്ടിക്കാട്ടി. രാജ്യത്തെ പരമോന്നത ബഹുമതികള്‍ ബലാത്സംഗ കേസ് പ്രതികളായ ഗോവിന്ദചാമിക്കും അമറുല്‍ ഇസ്ലാമിനുമെല്ലാം നല്‍കണം എന്ന് പറഞ്ഞ സെന്‍കുമാര്‍ മൃഗങ്ങളേക്കാളും അധപതിച്ചു പോയിരിക്കുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങളെല്ലാം പരിശോധിച്ചാല്‍ അദ്ദേഹത്തിന്റെ തലയില്‍ തളം വയ്‌ക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നുവെന്നും  രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

ഭരണഘടന പൊളിച്ചെഴുത്തുന്നതില്‍ ആര്‍എസ്എസുകാര്‍ കാണിക്കാത്ത ആവേശമാണ് അദ്ദേഹം കാണിക്കുന്നത്. ഭരണഘടനയില്‍ നിന്നും മതനിരപേക്ഷത എടുത്തു കളയണം എന്നാണ് സംഘപരിവാര്‍ പറയുന്നത്. എന്നാല്‍ രാജാവിനേക്കാളും വലിയ രാജഭക്തിയാണ് ഇപ്പോള്‍ സെൻകുമാർ കാണിക്കുന്നതെന്നും രാജ്മോഹൻ ഉണ്ണിത്താൻ ചൂണ്ടിക്കാട്ടി.