ബാറ്റോ പന്തോ കയ്യിലുള്ളവര്‍ ഇവരെ സൂക്ഷിക്കുക: ‘ട്രോളു’മായി ന്യൂസീലന്‍ഡ് പൊലീസ്

single-img
27 January 2019

‘നിലവില്‍ ഇവിടെ പര്യടനം നടത്തുന്ന ഒരു സംഘം വിദേശികള്‍ക്കെതിരെ പൊതുജനങ്ങളുടെ ശ്രദ്ധയിലേക്ക് ഒരു മുന്നറിയിപ്പ്. കഴിഞ്ഞയാഴ്ച പാവംപിടിച്ച ന്യൂസീലന്‍ഡുകാരെ നേപ്പിയറിലും മൗണ്ട് മോന്‍ഗനൂയിയിലും ഈ വിദേശസംഘം അപമാനിച്ചതായി സാക്ഷിമൊഴിയുണ്ട്. ക്രിക്കറ്റ് ബാറ്റ്, പന്ത്, അതിനോടു സാമ്യമുള്ള മറ്റു വസ്തുക്കള്‍ എന്നിവ കൊണ്ടുനടക്കുന്നവര്‍ ഈ സംഘത്തെ സൂക്ഷിക്കുക.’

ന്യൂസീലന്‍ഡിലെ ഈസ്റ്റേണ്‍ ഡിസ്ട്രിക്ട് പൊലീസിന്റെ പേജില്‍ വന്ന ‘മുന്നറിയിപ്പ്’ സന്ദേശമാണിത്. ആതിഥേയ ടീമിനെ ‘ട്രോളി’ക്കൊണ്ടാണ് സരസമായ രീതിയില്‍ ന്യൂസീലന്‍ഡ് പൊലീസ് ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

മൗണ്ട് മോന്‍ഗനൂയിയില്‍ നടന്ന രണ്ടാം ഏകദിനത്തിലും ഇന്ത്യയ്‌ക്കെതിരെ ആതിഥേയ ടീം പൊരുതാതെ കീഴടങ്ങിയതോടെയാണ് ഫെയ്‌സ്ബുക് പേജില്‍ ട്രോള്‍ പ്രത്യക്ഷപ്പെട്ടത്. പൊലീസിന്റെ ഈ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. നൂറുകണക്കിനു പേരാണ് ഇതുവരെ ഈ പോസ്റ്റ് ഷെയര്‍ ചെയ്തത്.