ഒടുവില്‍ കൊച്ചിയിലെ പ്രധാനമന്ത്രിയുടെ പരിപാടിയില്‍ സ്ഥലം എംഎല്‍എയ്ക്ക് സീറ്റ് കിട്ടി; ബി.പി.സി.എല്ലിന്റെ ഐ.ആര്‍.ഇ.പി പദ്ധതി പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

single-img
27 January 2019

കൊച്ചിന്‍ റിഫൈനറിയില്‍ ബിപിസിഎല്ലിലെ പുതിയ പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സ്ഥലം എംഎല്‍എ വി പി സജീന്ദ്രനും ഇരിപ്പിടം ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും, ഗവര്‍ണര്‍ പി സദാശിവത്തിനും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനും ഒപ്പം കോണ്‍ഗ്രസ് നേതാവ് കെ വി തോമസിനും വേദിയില്‍ ഇരിപ്പിടം നല്‍കിയിരുന്നു.

കുന്നത്ത്‌നാട് എംഎല്‍എയായ തന്നെ പ്രോട്ടോക്കോള്‍ അനുസരിച്ച് വേദിയിലേക്ക് ക്ഷണിക്കേണ്ടിയിരുന്നുവെന്ന് നേരത്തേ സജീന്ദ്രന്‍ പറഞ്ഞിരുന്നു. എന്നാല്‍, പരിപാടിയുടെ ക്ഷണപത്രം മാത്രമാണ് സജീന്ദ്രന് കിട്ടിയത്. റിഫൈനറി പദ്ധതി തുടങ്ങിവച്ചത് യുപിഎ സര്‍ക്കാരാണെന്നും തന്നെ ഒഴിവാക്കുന്നത് മനഃപൂര്‍വമാണെന്നുമായിരുന്നു സജീന്ദ്രന്റെ ആരോപണം.

അതേസമയം ഐആര്‍ഇപി പദ്ധതി കൊച്ചിയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പെട്രോകെമിക്കല്‍ വ്യവസായങ്ങള്‍ കൊച്ചിയിലെത്തും. സംസ്ഥാനത്തിന്റെ പെട്രോകെമിക്കല്‍ പാര്‍ക്ക് ഇതിന് ആക്കം കൂട്ടും. 2016 മേയ് മാസം മുതല്‍ ഇതുവരെ രാജ്യത്തെ പാവങ്ങളില്‍ പാവങ്ങളായ ജനങ്ങള്‍ക്ക് 6 കോടിക്കടുത്ത് എല്‍പിജി കണക്ഷനുകള്‍ നല്‍കി. പരിസ്ഥിതി സൗഹൃദ ഗതാഗതത്തിന് സിഎന്‍ജിയുടെ ഉപയോഗത്തെയാണു സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കുന്നത്. രാജ്യത്ത് സിജിഡി (സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍)യുടെ വിതരണം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഉച്ചയ്ക്ക് 2.10 ന് കൊച്ചി നാവിക വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ പി. സദാശിവം, കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മന്ത്രി വി.എസ്. സുനില്‍കുമാര്‍ തുടങ്ങിയവര്‍ സ്വീകരിച്ചു. ഹെലികോപ്റ്ററില്‍ രാജഗിരി കോളജ് മൈതാനത്തേക്കു പോയ പ്രധാനമന്ത്രി അവിടെ നിന്ന് റോഡു മാര്‍ഗമാണ് കൊച്ചി റിഫൈനറിയില്‍ എത്തിയത്. റിഫൈനറിയിലെ ചടങ്ങിനു ശേഷം 3.30 ന് പ്രധാനമന്ത്രി തൃശൂരേക്കു പോകും. നാലു മണിയോടെ തൃശൂര്‍ കുട്ടനെല്ലൂര്‍ ഗവണ്‍മെന്റ് കോളജില്‍ ഹെലികോപ്റ്ററില്‍ ഇറങ്ങും.

വിമാനത്തിന് യന്ത്രത്തകരാറുണ്ടായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകിയാണ് കൊച്ചിയിലെത്തിയത്.4.15ന് തൃശൂര്‍ തേക്കിന്‍ക്കാട് മൈതാനിയിലെ യുവമോര്‍ച്ച സമ്മേളനത്തില്‍ പ്രധാനമന്ത്രി പ്രസംഗിക്കുന്നുണ്ട്. യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള റാലിയും പൊതുസമ്മേളനവുമാണ് തൃശൂരിലെ പരിപാടി. അഞ്ചു മണിയോടെ വീണ്ടും കൊച്ചിയിലേയ്ക്കു മടങ്ങും. അവിടെ നിന്ന് ഡല്‍ഹിയിലേക്കു തിരിക്കും.