പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി; സ്വീകരിക്കാന്‍ മുഖ്യമന്ത്രിക്ക് എത്താനായില്ല

single-img
27 January 2019

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി. ഉച്ചയ്ക്ക് 1.55ന് കൊച്ചി നാവികസേന വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രി പിന്നീട് ഹെലികോപ്ടറില്‍ രാജഗിരി കോളജ് മൈതാനത്തേക്ക് പോകും. അവിടെ നിന്ന് റോഡു മാര്‍ഗം കൊച്ചി റിഫൈനറിയില്‍ എത്തും. കൊച്ചി റിഫൈനറിയിലാണ് ആദ്യ പരിപാടി.

അതേസമയം പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രിക്ക് എത്താനായില്ല. കണ്ണൂരില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന നാവികസേനയുടെ വിമാനത്തിന് യന്ത്രത്തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ടേക്ക് ഓഫ് ചെയ്യാനായില്ല. ഇതോടെ മുഖ്യമന്ത്രിയുടെ കൊച്ചിയിലേക്കുള്ള യാത്ര മുടങ്ങുകയായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി കണ്ണൂരില്‍നിന്ന് പുറപ്പെട്ടു. 2.40 ഓടെ മുഖ്യമന്ത്രി കൊച്ചിയിലെത്തും.

രണ്ടാഴ്ചയുടെ ഇടവേളയില്‍ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നത്. ഉച്ചയ്ക്ക് 2.30ന് കൊച്ചിന്‍ റിഫൈനറി വികസന പദ്ധതി ഉദ്ഘാടനം ചെയ്യും. ഇതടക്കം മൂന്ന് ഉദ്ഘാടനചടങ്ങുകളാണ് പ്രധാനമന്ത്രിക്കായി ക്രമീകരിച്ചിട്ടുള്ളത്.

വൈകീട്ട് മൂന്നരയോടെ തൃശ്ശൂരിലേക്ക് പോകുന്ന പ്രധാനമന്ത്രി തേക്കിന്‍കാട് മൈതാനത്തെ യുവമോര്‍ച്ച പരിപാടിയില്‍ പങ്കെടുക്കും. തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കേരളത്തിലെ പാര്‍ട്ടി പരിപാടി എന്ന നിലയിലാണ് ഈ ചടങ്ങ് നിശ്ചയിച്ചിട്ടുള്ളത്.

വൈകിട്ട് ആറുമണിയോടെ തൃശ്ശൂരില്‍ നിന്ന് കൊച്ചിയിലേക്ക് മടങ്ങുന്ന പ്രധാനമന്ത്രി ദില്ലിക്ക് തിരിക്കും. ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം.