ഇപ്പോൾ മനസ്സിലായി നമ്പി നാരായണനെ വേട്ടയാടിയത് ആരാണെന്ന്: സെൻകുമാർ സർക്കാർ പദവിയിൽ സുഖിച്ചപ്പോൾ എല്ലാം നഷ്ടപ്പെട്ട ആളാണ് നമ്പി നാരായണനെന്ന് ഗണേഷ് കുമാർ

single-img
26 January 2019

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചതിനു പിന്നാലെ അദ്ദേഹത്തിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ ടിപി സെന്‍കുമാറിന് എതിരെ പ്രതിഷേധം ശക്തമാകുന്നു. രൂക്ഷ വിമര്‍ശനവുമായി കെബി ഗണേഷ് കുമാര്‍ എംഎല്‍എ രംഗത്തെത്തി. ഒരു സാധു മനുഷ്യനെ വേട്ടയാടിയത് ആരാണെന്ന് ഇപ്പോള്‍ മനസ്സിലായെന്ന് അദ്ദേഹം പറഞ്ഞു.

സെന്‍കുമാറിന് ആരെക്കുറിച്ചും എന്തുംപറയാമെന്ന് ഹുങ്കാണ്. സെന്‍കുമാര്‍ സര്‍ക്കാര്‍ പദവിയില്‍ സുഖമായിരുന്നപ്പോള്‍ ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ട ആളാണ് നമ്പി നാരായണന്‍-അദ്ദേഹം പറഞ്ഞു.

നേരത്തെ, സെന്‍കുമാറിന് എതിരെ സാംസ്‌കാരിക മന്ത്രി എകെ ബാലനും രംഗത്ത് വന്നിരുന്നു. മറിയം റഷീദയോടും ഗോവിന്ദച്ചാമിയോടും ഉപമിക്കേണ്ട ആളല്ല നമ്പി നാരായണന്‍. പത്മഭൂഷണ്‍ ലഭിച്ചയാളെ മ്ലേച്ഛമായ ഭാഷയില്‍ അപമാനിച്ചു. ഇത് ഇന്ത്യാ ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമാണ്. പ്രബുദ്ധ കേരളം ഇതിനെതിരെ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബിജെപിക്കൊപ്പം ചേര്‍ന്നതിന് ശേഷമാണ് സെന്‍കുമാര്‍ ഇത്തരത്തില്‍ പെരുമാറി തുടങ്ങിയതെന്നും മന്ത്രി പറഞ്ഞു.  സെന്‍കുമാറിന്റെ പരാമരര്‍ശങ്ങളില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ള മറുപടി പറയണം. ശ്രീധരന്‍പിള്ള മറുപടി പറഞ്ഞില്ലെങ്കില്‍ ബിജെപി കേന്ദ്ര നേതൃത്വം മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.