പ്രളയരക്ഷാപ്രവർത്തനം നടത്തിയ സൈനികർക്കും മലയാളി നാവികൻ അഭിലാഷ് ടോമിക്കും രാഷ്ട്രപതിയുടെ പുരസ്കാരം

single-img
25 January 2019

കേരളത്തിലുണ്ടായ പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയ സൈനികർക്കും മലയാളി നാവികൻ അഭിലാഷ് ടോമിക്കും  രാഷ്ട്രപതിയുടെ പുരസ്കാരം. വിശിഷ്ട സേവനത്തിനുള്ള നവികസേനാ പുരസ്കാരത്തിനാണ് അഭിലാഷ് അർഹനായത്.

പായ്‌വഞ്ചിയേറി കടലിലൂടെ സാഹസിക യാത്രകൾ നടത്തിയാണ് അഭിലാഷ് ശ്രദ്ധേയനായത്. ഈയടുത്ത് ഗോള്‍ഡന്‍ ഗ്ലോബ് പായ്‌വഞ്ചി പ്രയാണത്തിനിടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വെച്ച് അപകടത്തില്‍പ്പെട്ട അഭിലാഷ് ടോമി ചികിത്സയില്‍ കഴിയുകയാണ്. അതിനിടെയാണ് അഭിലാഷിന് രാഷ്ട്രപതിയുടെ പുരസ്കാരം തേടിയെത്തിയത്.

പ്രളയ രക്ഷാപ്രവർത്തനത്തിൽ മികച്ച സേവനം നടത്തിയ കമാൻഡർ വിജയ് വർമ, സെയ്ലർ പ്രേമേന്ദ്ര കുമാർ എന്നിവർക്ക് നാവികസേന പുരസ്കാരം ലഭിച്ചു. ​ഗരുഡ് കമാൻഡോ പ്രശാന്ത് നായർക്ക് വായുസേനയുടെ മെഡലും മേജർ ആർ ഹേമന്ദ് രാജിന് കരസേനയുടെ വിശിഷ്ട സേവ മെഡ‍ലും ലഭിച്ചിട്ടുണ്ട്.

അഭിലാഷ് 2013ല്‍ തന്റെ അതിസാഹസികമായ ലോക സഞ്ചാരം പൂര്‍ത്തിയാക്കി ലോകത്തെ ഞെട്ടിച്ചിരുന്നു. ആഴക്കടലിലൂടെ എങ്ങും തങ്ങാതെ ലോകം ചുറ്റുന്ന ആദ്യത്ത ഇന്ത്യക്കാരനായി അഭിലാഷ് ചരിത്രം കുറിച്ചു. 2012 നവംബറില്‍ മുംബൈ തീരത്തു നിന്ന് ‘മാദേയി’ എന്ന പായ്വഞ്ചിയില്‍ പുറപ്പെട്ട്, 23100 നോട്ടിക്കല്‍ മൈല്‍ പിന്നിട്ട് 2013 ഏപ്രില്‍ ആറിന് മുബൈയില്‍ തന്നെ തിരിച്ചെത്തി. ചങ്ങനാശ്ശേരി ചെത്തിപ്പുഴ സ്വദേശിയായ അഭിലാഷിന്റെ അച്ഛന്‍ ചാക്കോ ടോമി വിരമിച്ച നാവികസേനാ ഉദ്യോഗസ്ഥനാണ്.