പ്രിയനന്ദനനെ അക്രമിച്ചതിന് പിന്നില്‍ ആര്‍എസ്എസ് നേതാവ് സരോവർ; പ്രതി ഉടൻ പിടിയിലാകുമെന്ന് ഡിവൈഎസ്പി

single-img
25 January 2019

സംവിധായകന്‍ പ്രിയനന്ദനനെ അക്രമിച്ചതിന് പിന്നില്‍ ആര്‍എസ്എസ് നേതാവ് സരോവറിൻ്റെ നേതൃത്വത്തിലാണെന്നു  പൊലീസ്. പ്രതിയെ ഉടന്‍ പിടികൂടുമെന്നും ഇരിങ്ങാലക്കുട ഡിവൈഎസ്പി പറഞ്ഞു. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് പ്രിയനന്ദനന്റെ വീടിന് സമീപത്തുവെച്ച് മര്‍ദ്ദിച്ച ശേഷം തലയില്‍ ചാണകവെള്ളം ഒഴിച്ചത്.

ആസൂത്രിതമായ ആക്രമണമാണ് തനിക്കു നേരെ നടന്നതെന്നു സംവിധായകന്‍ പ്രിയനന്ദനന്‍ പറഞ്ഞു. കണ്ടാല്‍ അറിയുന്ന ആളുകളാണ് ആക്രമണം നടത്തിയത്. അവര്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണോയെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നുമായിരുന്നു പ്രിയനന്ദനന്റെ പ്രതികരണം.

ഇതൊരു തുടക്കം മാത്രമാണ്, ഇനി നോക്കിയിരുന്നോ എന്ന ഭീഷണിയും അക്രമികള്‍ നടത്തിയെന്ന് പ്രിയനന്ദനന്‍ പറഞ്ഞു.നടന്നുവരുമ്പോള്‍ അവര്‍ ഓടിവന്ന് ചാണകവെള്ളം തലയിലൂടെ ഒഴിക്കുകയായിരുന്നു. തലയുടെ വശത്തായി അടിക്കുകയും ചെയ്തു. അയ്യപ്പനെതിരെ പറയാന്‍ നീ ആരാടാ എന്നു ചോദിച്ചായിരുന്നു ആക്രമണമെന്നും അദ്ദേഹം വ്യക്തമാക്കി.

ആളുകള്‍ കൂടിയപ്പോള്‍ അവര്‍ ഓടിപ്പോയി.ഏതു സമയവും പൊലീസ് സംരക്ഷണത്തില്‍ നടക്കാന്‍ തനിക്കാവില്ല. അതുകൊണ്ട് ഇങ്ങനെ തന്നെ മുന്നോട്ടുപോവുമെന്ന് പ്രിയനന്ദനന്‍ പറഞ്ഞു. സാധാരണ ഗതിയില്‍ ഉന്നയിക്കുന്ന വിമര്‍ശനമായിരുന്നു തന്റേത്. അതു കൊലക്കുറ്റമൊന്നുമല്ല.  ഫേസ്ബുക്ക് പോസ്റ്റിലെ ഭാഷ മോശമെന്നു കണ്ടാണ് പിന്‍വലിച്ചതെന്നും ദൈവങ്ങളെ അധിക്ഷേപിച്ചെന്നു സ്വയം വിലയിരുത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെ പ്രകടനം നടത്തിയവര്‍ ഉപയോഗിച്ച ഭാഷ അതിനേക്കാള്‍ മോശമായിരുന്നുവെന്നും പ്രിയനന്ദനന്‍ ചൂണ്ടിക്കാട്ടി.