മദ്യലഹരിയിൽ കിണറ്റിൽ വീണ മധ്യവയസ്കനെ സാഹസികമായി രക്ഷപ്പെടുത്തി കരയിലെത്തിച്ച് പൊലീസ്; ഉറങ്ങുന്ന തന്നെ ഉണർത്തിയതിന് പൊലീസുകാർക്ക് മദ്യപാനിയുടെ വക തെറിയഭിഷേകം

single-img
24 January 2019

മദ്യലഹരിയിൽ കിണറ്റിൽ വീണ മദ്ധ്യവയസ്കനെ  സാഹസികമായി രക്ഷിപ്പെടുത്തി കരയിൽ എത്തിച്ച  പൊലീസുകാർക്ക് മദ്യപാനിയുടെ വക മുത്തം തെറിയഭിഷേകം.   തെറിയഭിക്ഷേകത്തിൽ പൊറുതിമുട്ടിയ പൊലീസ് ഒടുവിൽ അയാളെ അവിടെ ഉപേഷിച്ച് സ്ഥലം വിട്ടു.  തിരുവനന്തപുരം ജില്ലയിലെ ഭരതന്നൂർ ജംഗ്ഷനിൽ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം നടന്നത്.

ഭരതന്നൂർ സ്വദേശിയായ മദ്ധ്യവയസ്കനെ നാട്ടുകാർ കിണറ്റിനുള്ളിൽ കണ്ടെത്തിയതോടെയാണ്  സംഭവങ്ങളുടെ തുടക്കം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പാങ്ങോട് നിന്നും എത്തിയ പൊലീസ് നാട്ടുകാരുടെ സഹായത്തോടെ ഇയാളെ പുറത്തെടുത്തു. വലിയ ആഴമുള്ള കിണർ അല്ലാത്തതിനാൽ വീഴ്ചയിൽ മധ്യവയസ്കന് അധിക പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. പരിക്കുകൾ ഇല്ലാതിരുന്നതിനാൽ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയതുമില്ല.

എന്നാൽ അമിതമായി മദ്യപിച്ച് നിലതെറ്റിയ അവസ്ഥയിലായിരുന്നു കക്ഷി. കരയ്ക്കെത്തിച്ച ശേഷം  പൊലീസ് വിവരങ്ങൾ ചോദിയ്ക്കാനാരുങ്ങിയപ്പോഴാണ് ഇയാൾ ചാടിയെഴുന്നേറ്റ് പൊലീസിനെ തെറി വിളിച്ചത്. കിണറിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന തന്നെ ഉണർത്തിയതിൻ്റെ ദേഷ്യമാണ് മദ്യപാനി പൊലീസ് ഉദ്യോഗസ്ഥനോട് പ്രകടിപ്പിച്ചത്.

തെറിയഭിക്ഷേകം കേട്ട പൊലീസ്  മദ്യപാനിയെ കൊണ്ടുപോകാൻ ശ്രമം നടത്തിയെങ്കിലും, ബോധമില്ലാത്തയാളെ സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുപോയാൽ ഉണ്ടായേക്കാവുന്ന പൊല്ലാപ്പുകൾ ഓർത്ത്   അതു വേണ്ടെന്നു വയ്ക്കുകയായിരുന്നു. തുടർന്ന് പൊലീസ് ഇയാളുടെ ബന്ധുക്കളെ വിളിച്ചുവരുത്തി സുരക്ഷിതത്വം ഏൽപ്പിച്ചശേഷം മടങ്ങിപ്പോയി.