തൃശൂർ സീറ്റിനു വേണ്ടി ബിജെപിയിൽ തർക്കം; എഎൻ രാധാകൃഷ്ണനുവേണ്ടി കൃഷ്ണദാസ് പക്ഷവും കെ സുരേന്ദ്രനുവേണ്ടി മുരളീധര പക്ഷവും രംഗത്ത്

single-img
24 January 2019

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ സീറ്റിനു വേണ്ടി ബിജെപിയിൽ തർക്കം ഉടലെടുക്കുന്നതായി റിപ്പോർട്ടുകൾ. എ എന്‍. രാധാകൃഷ്ണനും സുരേന്ദ്രനുമാണ് ഈ സീറ്റിനുവേണ്ടി രംഗത്തുള്ളത്. രാധാകൃഷ്ണ തൃശ്ശൂരിൽ മത്സരിപ്പിക്കണമെന്ന ആവശ്യവുമായിപി.കെ  കൃഷ്ണദാസ് പക്ഷവും കെ സുരേന്ദ്രന് സീറ്റ് നല്‍കണമെന്ന ആവശ്യവുമായി വി. മുരളീധര വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്.

തൃശ്ശൂര്‍, തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, കാസര്‍കോട് എന്നീ അഞ്ചു സീറ്റുകളിലാണ് ബിജെപി വിജയ സാധ്യത കല്‍പ്പിക്കുന്നത്. ഇതില്‍ ഏറ്റവും നിര്‍ണായകമാകുന്നത് തൃശ്ശൂര്‍ സീറ്റാണ്. കഴിഞ്ഞ തവണ മണലൂരില്‍ മത്സരിച്ച് മികച്ച പ്രകടനം കാഴ്ചവെച്ചു എന്നതാണ് എ എന്‍ രാധാകൃഷ്ണനുവേണ്ടി വാദിക്കുന്ന കൃഷ്ണദാസ് വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

എന്നാൽ ശബരിമല സമരവുമായി ബന്ധപ്പെട്ട് ശ്രദ്ധനേടിയ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്നാണ് വി മുരളീധര പക്ഷം ആവശ്യമുന്നയിക്കുന്നത്. പാലക്കാടിന് വേണ്ടി ശോഭാ സുരേന്ദ്രന്‍, പത്തനംതിട്ടയ്ക്കുവേണ്ടി എം. ടി. രമേശ് തുടങ്ങിയവരും  രംഗത്തുണ്ട്. ആരെ നിര്‍ദേശിച്ചാലും ആര്‍എസ്എസ് സംസ്ഥാന ഘടകവും കേന്ദ്ര നേതൃത്വവുമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക എന്ന കാര്യമാണ് സംസ്ഥാന അധ്യക്ഷന്‍ പി. എസ് ശ്രീധരന്‍ പിള്ള വ്യക്തമാക്കിയത്.