എട്ടു സീറ്റിൽ മത്സരിക്കാനൊക്കെ ആളുണ്ടോ; ലോക്സഭ തെരഞ്ഞെടുപ്പിൽ എട്ടു സീറ്റുകൾ ആവശ്യപ്പെട്ട ബിഡിജെഎസിന് ബിജെപിയുടെ പരിഹാസം

single-img
24 January 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകൾ  ആവശ്യപ്പെട്ട ബിഡിജെഎസിന് ബിജെപി നേതാക്കളുടെ പരിഹാസം. പരിഹാസത്തിനു പുറമേ  എട്ട് സീറ്റുകൾ ബിഡിജെഎസിന് വേണമെന്ന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ ആവശ്യം ബിജെപി കോര്‍കമ്മിറ്റി തള്ളുകയായിരുന്നു.

എട്ട് സീറ്റ് ചോദിച്ച ബിഡിജെഎസിന്റെ നടപടി അധികപ്രസംഗമാണെന്നാണ് ബിജെപി കോര്‍കമ്മിറ്റിയില്‍ യോഗത്തിലുയര്‍ന്ന പ്രതികരണം. അത്രയും സീറ്റില്‍ മല്‍സരിക്കാന്‍ ആളുണ്ടോയെന്ന പരിഹാസമാണ് കമ്മിറ്റിയിൽ ഉയർന്നത്. നാല് സീറ്റ് ബിഡിജെഎസിന് നല്‍കാമെന്നാണ് ഒടുവില്‍ ബിജെപിയുടെ തീരുമാനം  കൈക്കൊണ്ടത്.

എന്നാൽ നാല് സീറ്റ് പോരെന്നും രണ്ട് സീറ്റും കൂടിയെങ്കിലും വേണമെന്നാണ് ബിഡിജെഎസ് നിലവിൽ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ചര്‍ച്ച വീണ്ടും തുടരാമെന്ന നിലപാടാണ് കോര്‍കമ്മിറ്റിയിൽ  ഉയർന്നത്.

ബിഡിജെഎസിന് തൃശൂരും പത്തനംതിട്ടയും നല്‍കുന്നത് ആത്മഹത്യാപരമാണെന്ന നിലപാടാണ് ബിജെപി നേതാക്കളുടേത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ ജില്ലയില്‍ ബിഡിജെഎസ് മത്സരിച്ച രണ്ടു സീറ്റുകളിലും വലിയ തോതിലുള്ള ചലനം ഉണ്ടാക്കാന്‍ അവര്‍ക്ക് സാധിച്ചില്ലെന്നും യോഗത്തില്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടി.

തൃശൂരിനു പകരം ചാലക്കുടിയോ കൊല്ലമോ ബിഡിജെഎസിന് നല്‍കാമെന്നാണ് നിലപാട്. പത്തനംതിട്ടയ്ക്കു പകരം കോഴിക്കോട് നല്‍കാമെന്നും നേതൃത്വം ആലോചിക്കുന്നുണ്ട്.

ആരോക്കെ എന്തൊക്കെ നിര്‍ദേശങ്ങള്‍ വെച്ചാലും അവസാനതീരുമാനം കേന്ദ്ര നേതൃത്വത്തിന്റേയും ആര്‍എസ്എസിന്റേയും ആയിരിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള അറിയിച്ചത്.