കേരളാ പൊലീസിനെ വിറപ്പിച്ച് വിജിലൻസിന്റെ ഓപ്പറേഷൻ തണ്ടർ; കണ്ടെത്തിയത് കഞ്ചാവ് മുതൽ സ്വർണ്ണം വരെ

single-img
23 January 2019

പൊലീസുകാർക്ക് ക്വാറി മാഫിയകളുമായി ബന്ധമുണ്ടെന്നും, പണമിടപാടു കേസുകളിലും വാഹനാപകട കേസുകളിലും ശരിയായ അന്വേഷണം നടത്തുന്നില്ലെന്നുമുള്ള ഇന്റലിജൻസ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ 53 പൊലീസ് സ്റ്റേഷനുകളിൽ ‘ഓപ്പറേഷൻ തണ്ടർ’ എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനകളിൽ വൻക്രമക്കേടുകൾ കണ്ടെത്തി.

കാസർകോട് ബേക്കൽ പൊലീസ് സ്റ്റേഷനിൽ നിന്ന് എസ്.ഐയുടെ മേശയിൽ അനധികൃതമായി 29 കവറുകളിൽ സൂക്ഷിച്ച 250 ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. ഇതോടൊപ്പം 12.7ഗ്രാം സ്വർണവും 5 മൊബൈൽ ഫോണുകളും ഉണ്ടായിരുന്നു. കോഴിക്കോട് ടൗൺ സ്​റ്റേഷനിൽ 11.52 ഗ്രാം സ്വർണവും 4223 രൂപയും 2 മൊബൈൽ ഫോണുകളും 11 പെ​റ്റീഷനുകളും അനാഥമായി കണ്ടെത്തി.

കൊല്ലം കരുനാഗപ്പള്ളി സ്​റ്റേഷനിൽ 80000ത്തോളം രൂപയും കോഴിക്കോട് പയ്യോളി സ്​റ്റേഷനിൽ 57740 രൂപയും കോഴിക്കോട് ടൗൺ സ്​റ്റേഷനിൽ 3060 രൂപയും കാണാനില്ല. ക്യാഷ് ബുക്കിൽ രേഖപ്പെടുത്തിയ തുകയിൽ നിന്നുമാണ് തിരിമറി നടന്നത്. പുൽപ്പള്ളി സ്​റ്റേഷനിൽ ജനുവരി ഒന്നിനുശേഷം ക്യാഷ് ബുക്ക് എഴുതിയിട്ടില്ല.

വയനാട് മേപ്പാടിയിൽ ഒരു വർഷത്തോളമായി യാതൊരു നടപടിയും സ്വീകരിക്കാത്ത മൂന്നു പണമിടപാട് കേസുകൾ കണ്ടെത്തി. മാവേലിക്കരയിൽ 2018ൽ മദ്യപിച്ച് വാഹനമോടിച്ച 1092 കേസുകളും മ​റ്റും റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും 318 കേസുകളിൽ മാത്രമേ ഡ്രൈവിംഗ് ലൈസൻസ് അസാധുവാക്കാൻ റിപ്പോർട്ട് നൽകിയിട്ടുള്ളൂ. മാവേലിക്കര, ആലപ്പുഴ നോർത്ത് സ്‌​റ്റേഷനുകളിൽ വാഹനാപകട കേസുകളിൽ രേഖകൾ അനധികൃതമായി പിടിച്ചു വച്ചതായും കണ്ടെത്തി.