സണ്ണി ലിയോണ്‍ ഇനി മലയാള സിനിമയുടെ ഭാഗം; കൊച്ചിയിലെത്തിയ താരത്തിന് വന്‍ വരവേല്‍പ്പ്; വീഡിയോ

single-img
23 January 2019

ബോളിവുഡ് സൂപ്പര്‍താരം സണ്ണി ലിയോണ്‍ മമ്മൂട്ടി നായകനായി എത്തുന്ന മധുരരാജ എന്ന ബിഗ്ബജറ്റ് ചിത്രത്തില്‍ അഭിനയിക്കാനായി കൊച്ചിയിലെത്തി. വലിയ സ്വീകരണത്തോടെയാണ് സണ്ണിയെ വിമാനത്താവളത്തില്‍ നിന്നും ആരാധകരും സിനിമയുടെ അണിയറപ്രവര്‍ത്തകരും എതിരേറ്റത്.

ചിത്രത്തിന്റെ കഥാഗതിയെ മുന്നോട്ട് നയിക്കുന്ന ഒരു ഗാനരംഗത്തിലടക്കം സണ്ണി ലിയോണ്‍ എത്തുന്നുണ്ടെന്നാണ് വിവരം. ചിത്രത്തിന്റെ നിര്‍മാതാവ് നെല്‍സണ്‍ ഐപ്പ് നേരിട്ടെത്തി സണ്ണി ലിയോണിനെ കേരളത്തിലേക്ക് സ്വാഗതം ചെയ്തു. വിമാനത്താവളത്തില്‍ നിന്നും പുറത്തേക്കെത്തുന്ന വിഡിയോ സോഷ്യല്‍ ലോകത്ത് ഇതിനോടകം വൈറലായിരിക്കുകയാണ്.

വന്‍ബോക്‌സ് ഓഫീസ് വിജയ ചിത്രമായ പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മധുരരാജ. പുലിമുരുകന്റെ വന്‍ വിജയത്തിന് ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റര്‍ ഹെയ്ന്‍ ടീം മധുരരാജയിലൂടെ വീണ്ടും ഒന്നിക്കുന്നു.

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെയാണ് മധുരരാജയുടെ വരവ്. തമിഴ് താരം ജയ്, മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള കഥാപാത്രമായി ചിത്രത്തിലെത്തുന്നു. ഇതിനു പുറമെ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെ വന്‍ താരനിരയും അണിനിരക്കുന്നു.