രാഹുല്‍ ഗാന്ധിക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് സുരക്ഷിതമണ്ഡലം തേടുന്നു

single-img
23 January 2019

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മഹാരാഷ്ട്രയിലെ നാന്ദേഡ് ലോക്‌സഭാ മണ്ഡലത്തിലോ മധ്യപ്രദേശിലെ ചിന്ത്‌വാഡയിലോ കൂടി മത്സരിച്ചേക്കുമെന്ന് അഭ്യൂഹം ശക്തം. കേന്ദ്രമന്ത്രി സ്മൃതി ഇറാനി കഴിഞ്ഞതവണ ശക്തമായ മത്സരമുയര്‍ത്തിയ അമേഠി മണ്ഡലത്തില്‍ ബി.ജെ.പി കരുത്താര്‍ജ്ജിക്കുന്നതായുള്ള വിലയിരുത്തലിലാണ് നീക്കം.

ചിന്ത്‌വാഡ മുതിര്‍ന്ന നേതാവ് കമല്‍നാഥിന്റെ തട്ടകമാണ്. കമല്‍നാഥ് മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായതോടെ മണ്ഡലം ഒഴിഞ്ഞുകിടക്കുകയാണ്. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്റെ മണ്ഡലമാണ് നന്ദേഡ. രാഹുല്‍ ഗാന്ധിക്ക് ഏത് മണ്ഡലത്തിലും മത്സരിക്കാമെന്നും നന്ദേഡ തിരഞ്ഞെടുക്കുകയാണെങ്കില്‍ സ്വാഗതം ചെയ്യുന്നുവെന്നും അശോക് ചവാന്‍ പ്രതികരിച്ചിട്ടുണ്ട്.

2004 മുതല്‍ രാഹുല്‍ പ്രതിനിധീകരിക്കുന്ന അമേഠി ലോക്‌സഭാ മണ്ഡലത്തിലുള്‍പ്പെടുന്ന 5 നിയമസഭാ മണ്ഡലങ്ങളില്‍ നാലിലും ബിജെപി ജയിച്ചതു കോണ്‍ഗ്രസ് ഗൗരവത്തോടെ കാണുന്നുണ്ട്. കേന്ദ്രമന്ത്രിയായ ശേഷവും മണ്ഡലത്തില്‍ സജീവമായ സ്മൃതി ഇറാനി രാഹുല്‍ അമേഠിയെ തിരിഞ്ഞുനോക്കുന്നില്ലെന്ന് പലതവണ വിമര്‍ശനമുയര്‍ത്തിയിരുന്നു.

എന്നാല്‍, ഒന്നിലധികം മണ്ഡലങ്ങളില്‍ പാര്‍ട്ടി അധ്യക്ഷന്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും വിശദമായ ചര്‍ച്ചകള്‍ ആവശ്യമാണെന്നും പാര്‍ട്ടി കേന്ദ്രങ്ങള്‍ പറഞ്ഞു. അതിനിടെ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ മകള്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.