റോഡിൽവച്ച് അച്ഛനെ അറസ്റ്റ് ചെയ്തപ്പോൾ കൈകള്‍ ഉയര്‍ത്തി പൊലീസിന് മുമ്പില്‍ ‘കീഴടങ്ങുന്ന’ രണ്ട് വയസുകാരി; അമ്പരപ്പിക്കുന്ന വീഡിയോ

single-img
23 January 2019

അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ കൈകളുയര്‍ത്തി പൊലീസുകാരുടെ അടുത്തേക്ക്  നടന്നുപോകുന്ന രണ്ട് വയസുകാരിയുടെ  ദൃശ്യം സോഷ്യല്‍ മീഡിയയില്‍  വൈറലായിരിക്കുകയാണ്.  അമേരിക്കയിലെ ടെല്ലസിയിലാണ് സംഭവം. മോഷണക്കേസിലാണ് കുട്ടിയുടെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാളാണ് പ്രതിയെന്ന നിഗമനത്തില്‍ പൊലീസ് വാഹനം തടഞ്ഞ് അറസ്റ്റ് നടത്തി. ഇതേസമയം കാറില്‍ രണ്ട് വയസുള്ള കുട്ടിയും ഒരു വയസുള്ള മറ്റൊരു കുട്ടിയുമുണ്ടായിരുന്നു. അച്ഛനെ പൊലീസ് വിലങ്ങ് വയ്ക്കുന്നത് കണ്ട രണ്ടുവയസുകാരി കാറിന് പുറത്തേക്കിറങ്ങി. രണ്ട് കൈകളും മുകളിലേക്കുയര്‍ത്തി പൊലീസിന് നേരെ നടന്നു. വീഡിയോ പകര്‍ത്തിയവരടക്കം ഞെട്ടലോടെയാണ് സംഭവം കണ്ടുനിന്നത്.

സംഭവത്തില്‍ വലിയ പ്രതിഷേധ സ്വരത്തിലാണ് സോഷ്യല്‍ മീഡിയ പ്രതികരിക്കുന്നത്. ചെറിയ കുട്ടിയുടെ മുന്‍പില്‍ വച്ച് വിലങ്ങ് വച്ചത് മനുഷ്യത്വവിരുദ്ധമാണെന്ന് ഇവര്‍ വാദിക്കുന്നു. അതേസമയം മോഷണക്കേസുമായി ബന്ധപ്പെട്ടാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നും ഇതേ കേസില്‍ മറ്റൊരാളെ കൂടി അറസ്റ്റ് ചെയ്തതായും ടെല്ലസി പൊലീസ് അറിയിച്ചു. കുട്ടിയോട് വളരെ നല്ല രീതിയിലാണ് പൊലീസ് പെരുമാറിയതെന്നും കുട്ടിയെ അമ്മയുടെ അടുത്ത് എത്തിച്ചെന്നും പൊലീസ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്..