അച്ഛനെ പോലെ തന്നെ മകനും; ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’ലെ പ്രണവിന്റെ സ്റ്റണ്ടിനെ കുറിച്ച് പീറ്റര്‍ ഹെയ്ന്‍

single-img
23 January 2019

അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ട് റിലീസിന് തയ്യാറെടുക്കുകയാണ്. ജനുവരി 25 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ ട്രെയിലറിലെ സാഹസികമായ ട്രെയിന്‍ ഫൈറ്റും മറ്റ് സ്റ്റണ്ട് രംഗങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

അതിനിടെ, പ്രണവിന്റെ സംഘട്ടന രംഗങ്ങള്‍ മോഹന്‍ലാലിന്റേതുമായി താരതമ്യം ചെയ്ത് സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്ന്‍ തന്നെ രംഗത്തെത്തി. പുലിമുരുകനിലെ സ്റ്റണ്ട് രംഗത്തിന്റെയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സ്റ്റണ്ട് രംഗത്തിന്റെയും ചിത്രങ്ങള്‍ പങ്കുവെച്ച് ലൈക്ക് ഫാദര്‍ ലൈക്ക് സണ്‍ എന്ന കുറിപ്പോടെയാണ് ഫെയ്സ്ബുക്കില്‍ പീറ്റര്‍ ഹെയ്ന്‍ പങ്കുവെച്ചിരിക്കുന്നത്. ആയിരത്തിലധികം ഷെയറുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്.

നേരത്തെ, ചിത്രത്തിനു വേണ്ടി ഇന്‍ഡോനേഷ്യയിലെ ബാലിയില്‍ പോയി സര്‍ഫിങ് തന്ത്രങ്ങളും പ്രണവ് മോഹന്‍ലാല്‍ പരിശീലിച്ചിരുന്നു. ചിത്രത്തില്‍ നായികയായി എത്തുന്നത് സായാ ഡേവിഡ് ആണ്. സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. അരുണ്‍ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗോകുല്‍ സുരേഷും എത്തുന്നുണ്ട്. രാമലീലക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മിക്കുന്നത്.