”ദൈവം ഉണ്ടോ ഇല്ലയോ എന്നെനിക്കറിഞ്ഞുകൂടാ, എന്നാൽ ആവശ്യമുള്ള സമയത്ത് ദൈവം വരും”: ‘പേരന്‍പു’മായി മമ്മൂട്ടി തമിഴകത്ത്; വരവേല്‍ക്കാന്‍ ഫാന്‍സ് ഒരുങ്ങുന്നു

single-img
23 January 2019

മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമെന്ന് സിനിമാപ്രേമികൾ ഒന്നടങ്കം തല കുലുക്കി സമ്മതിക്കുന്ന ചിത്രമാണ് പേരൻപ്. ഫെബ്രുവരി 1 ന് ചിത്രം ലോകവ്യാപകമായി പ്രദര്‍ശനത്തിനെത്തും. ഓൺലൈൻ ടാക്സി ഡ്രൈവർ അമുദൻ എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി ഈ ചിത്രത്തിലെത്തുന്നത്. സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയുടെ അച്ഛനായാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം. മമ്മൂട്ടിയുടെ മകളായി സാധനയാണ് എത്തുന്നത്.

തങ്കമീൻകൾ, തരമണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റാം ആണ് പേരൻപ് സംവിധാനം ചെയ്തിരിക്കുന്നത്. സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു പെൺകുട്ടിയുടെ അവസ്ഥയും അവളുടെ പിതാവിന്റെ വൈകാരിക നിമിഷങ്ങളുമാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. 

ഗോവയില്‍ നടന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശനത്തിനെത്തിയ പേരന്‍പിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. ആദ്യ പ്രദര്‍ശനത്തിന് 95 ശതമാനം ആളുകളും പ്രീ ബുക്കിങ്ങിലൂടെ ടിക്കറ്റ് സ്വന്തമാക്കി. ബാക്കി വന്ന 5 ശതമാനത്തിന് വേണ്ടി സിനിമ തുടങ്ങാന്‍ മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ ആളുകള്‍ തടിച്ചു കൂടി. എന്നാല്‍ തിയേറ്ററിനുള്ളിലേക്ക് പ്രവേശനം ലഭിക്കാതെ അതില്‍ ഭൂരിഭാഗവും നിരാശരായി മടങ്ങി. തുടര്‍ന്ന് ഡെലിഗേറ്റുകളുടെ പ്രത്യേക അഭ്യര്‍ഥന മാനിച്ച് പേരന്‍പ് ഒരിക്കല്‍ കൂടി പ്രദര്‍ശിപ്പിച്ചു. നിറഞ്ഞ കയ്യടികളോടെയാണ് അണിയറ പ്രവര്‍ത്തകരെ പ്രേക്ഷകര്‍ സ്വീകരിച്ചത്.

അതേസമയം ചിത്രത്തിന്റെ ഏറ്റവും പുതിയ പ്രമോ വീഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. ”ദൈവം ഉണ്ടോ ഇല്ലയോ എന്നെനിക്കറിഞ്ഞുകൂടാ, എന്നാൽ ആവശ്യമുള്ള സമയത്ത് ദൈവം വരും, തീർച്ചയായും വരും.” എന്ന് മമ്മൂട്ടിയുടെ കഥാപാത്രം പറയുന്നു. പ്രമോ വീഡിയോയിൽ മമ്മൂട്ടി, സാധന, അഞ്ജലി എന്നിവരാണ് ഉള്ളത്. 

https://www.facebook.com/DirectorRamOfficial/videos/312159919405696/

അതിനിടെ മമ്മൂട്ടി ഫാൻസ്‌ തമിഴ്നാട് ഘടകം പുനസംഘടിപ്പിച്ചു. കോയമ്പത്തൂർ സ്വദേശി ബാലു മോഹനെ സെക്ര‌ട്ടറിയായി തിരഞ്ഞെടുത്തു. ചെന്നൈ സ്വദേശി കലാമുദ്ധീൻ രാജാ പ്രസിഡന്റ് ആകും. ചെന്നൈ ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ അഡ്വ. നന്ദകുമാർ മുഖ്യ രക്ഷാധികാരിയും നെബു വാൽപ്പാറ രക്ഷാധികാരിയും ആണ്.

ഫാൻസിന്റെ മറ്റ്‌ സ്ഥലങ്ങളിലേതു പോലെ തന്നെ സിനിമയ്ക്കൊപ്പം ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം കൊടുക്കുവാൻ ആണ് പുതിയ നേതൃത്വത്തിന്റെ തീരുമാനം തമിഴ്നാട്ടിലെ മുഴുവൻ ജില്ലാ കമ്മറ്റികളും പുനഃസംഘടിപ്പിച്ചതായി അഡ്വ.നന്ദകുമാർ പറഞ്ഞു. സംഘടനയുടെ പ്രവർത്തനങ്ങളിൽ പങ്കാളിയാവാൻ താല്പര്യം ഉള്ളവർക്ക് 7904140484 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.