ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള 20 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ധാരണയായെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

single-img
23 January 2019

ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികൾ ആരാണെന്ന കാര്യത്തിൽ ഏകദേശ ധാരണയായെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഉമ്മന്‍ ചാണ്ടി മല്‍സരിക്കണമെന്നാണ് ആഗ്രഹം. ഏത് മണ്ഡലമായാലും അദ്ദേഹത്തിന് കൊടുക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. താന്‍ ഇത്തവണ മത്സരിക്കുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

കോഴിക്കോട് യു.ഡി.എഫിന്റെ കളക്ടറേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് ഫെബ്രുവരി 20-നു മുമ്പേ സമര്‍പ്പിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കികൊണ്ട് സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റില്‍ ധാരണയായിക്കഴിഞ്ഞെന്ന് മുല്ലപ്പള്ളി അറിയിച്ചത്.

നിലവില്‍ ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായ ഉമ്മന്‍ചാണ്ടിയെ ലോക്സഭയിലേക്ക് മത്സരിപ്പിക്കണമെന്ന് പാര്‍ട്ടിക്കുള്ളിലും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഉമ്മന്‍ചാണ്ടി മനസ്സ് തുറന്നിട്ടില്ല.

ഉമ്മന്‍ ചാണ്ടി ഇടുക്കിയിൽ മൽസരിച്ചാൽ സ്വാഗതം ചെയ്യുമെന്ന് കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫും പ്രതികരിച്ചു. ഇടുക്കി സീറ്റോ, ചാലക്കുടി സീറ്റോ പാർട്ടിക്കായി യുഡിഎഫിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ മകൻ തൽക്കാലം രാഷ്ട്രീയത്തിലേക്കില്ലെന്നും ജോസഫ് വ്യക്തമാക്കി.

അതേസമയം ലോക്സഭയിലേക്ക് മൂന്നാം സീറ്റ് ആവശ്യപ്പെടുന്ന കാര്യത്തിൽ‌ ചർച്ചയായിട്ടില്ലെന്നു മുസ്‍ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോൺഗ്രസിന്റെ സ്ഥാനാർഥി നിർണയത്തിൽ ലീഗ് ഇടപെടാറില്ല. അഭിപ്രായം ചോദിച്ചാൽ മുന്നണിയിൽ പറയുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.