ഷൂട്ടിംഗ് സെറ്റുകളില്‍ നിരവധി തവണ പീഡിപ്പിക്കപ്പെട്ടു; വെളിപ്പെടുത്തി നടി കങ്കണ • ഇ വാർത്ത | evartha
Movies

ഷൂട്ടിംഗ് സെറ്റുകളില്‍ നിരവധി തവണ പീഡിപ്പിക്കപ്പെട്ടു; വെളിപ്പെടുത്തി നടി കങ്കണ

ഷൂട്ടിംഗ് സെറ്റുകളില്‍ വെച്ച് താന്‍ നിരവധി തവണ പീഡനത്തിനിരയായിട്ടുണ്ടെന്നും എന്നാല്‍ അതൊന്നും ‘മീ ടൂ’ പരിധിയില്‍ വരില്ലെന്നും വെളിപ്പെടുത്തി നടി കങ്കണ റണാവത്ത്. ”പീഡനങ്ങളെല്ലാം ലൈംഗികമായി മാത്രം സംഭവിക്കുന്ന ഒന്നല്ല. ഈഗോ മൂലമുണ്ടാകുന്ന പ്രശ്നങ്ങളും അപമാനിക്കലുമെല്ലാം ഒരുതരത്തിലുള്ള പീഡനം തന്നെയാണ്. ഞാന്‍ നേരിട്ടവയൊന്നും മീ ടൂ വിന്റെ പരിധിയില്‍ വരില്ല. പക്ഷേ അവയെല്ലാം പീഡനം തന്നെയാണ്”-കങ്കണ പറഞ്ഞു.

”ആറ് മണിക്കൂറോളം സെറ്റില്‍ കാത്തിരുന്നിട്ടുണ്ട്, ഒരു കാരണവുമില്ലാതെ. തെറ്റായ തിയതികള്‍ നല്‍കി, എന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയിട്ടുണ്ട്. ചില നായകന്മാര്‍ അവസാന നിമിഷം എന്നെ സിനിമയില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. ഞാന്‍ അഭിനയിച്ച സിനിമയുടെ പ്രമോഷന്‍ ചടങ്ങുകള്‍ക്ക് വിളിക്കാതിരിക്കുക, അനുവാദമില്ലാതെ എന്റെ ശബ്ദം മറ്റൊരാളെ കൊണ്ട് ഡബ്ബ് ചെയ്യിക്കുക എന്നിങ്ങനെ നിരവധി തവണ മനപ്പൂര്‍വ്വം അപമാനിക്കപ്പെട്ടിട്ടുണ്ട്”-കങ്കണ പറഞ്ഞു.

മീ ടൂ ക്യാമ്പയിന്‍ ശക്തമായതോടെ പല പ്രമുഖ നടന്മാരും പേടിച്ചു. അവര്‍ പേടിക്കണം. ഇത് ഇവിടം കൊണ്ടവസാനിക്കില്ല. കാരണം നമ്മള്‍ ജീവിക്കുന്നത് ഒരു പുരുഷാധിപത്യ സമൂഹത്തിലാണ്. കങ്കണ കൂട്ടിച്ചേര്‍ത്തു.