ന്യൂസീലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റിന്റെ അനായാസ ജയം

single-img
23 January 2019

ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യക്ക് ഏട്ടു വിക്കറ്റിന്റെ തകർപ്പൻ ജയം. ഇന്ത്യൻ ബൗളിംഗ് പടക്കു മുന്നിൽ വിറച്ച ആഥിതേയരുടെ വെല്ലുവിളി 38 ഓവറിൽ 157 റൺസിന് അവസാനിച്ചപ്പോൾ, ഡക്ക്‍വര്‍ത്ത് ലൂയിസ് നിയമപ്രകാരം 156 റണ്‍സാക്കി പുനര്‍ നിര്‍ണ്ണയിച്ച ചെറിയ സ്കോറിലേക്ക് ബാറ്റു വീശിയ ഇന്ത്യ 34.5 ഓവറില്‍ 85 പന്തും എട്ടു വിക്കറ്റും ബാക്കിയിരിക്കേ ലക്ഷ്യം നേടുകയായിരുന്നു.

26-ാം അര്‍ധസെഞ്ചുറി നേടിയ ശിഖര്‍ ധവാന്റെ ഇന്നിങ്‌സാണ് ഇന്ത്യയ്ക്ക് ജയമൊരുക്കിയത്. 103 പന്തില്‍ നിന്ന് ധവാന്‍ 75 റണ്‍സെടുത്തു. ക്യാപ്റ്റന്‍ വിരാട് കോലി 45 റണ്‍സെടുത്ത് പുറത്തായി. രണ്ടാം വിക്കറ്റില്‍ ധവാനും കോലിയും 91 റണ്‍സ് കൂട്ടിച്ചേര്‍ത്തു. റായിഡു 13 റണ്‍സോടെ പുറത്താകാതെ നിന്നു. 24 പന്തില്‍ 11 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് പുറത്തായ മറ്റൊരു ബാറ്റ്‌സ്മാന്‍. ഡഗ് ബ്രെയ്‌സ്‌വെല്ലാണ് രോഹിത്തിനെ പുറത്താക്കിയത്.

അതിനിടെ ഇന്ത്യന്‍ ഓപ്പണിങ് ബാറ്റ്സ്മാന്‍ ശിഖര്‍ ധവാന്‍ ഏകദിന ക്രിക്കറ്റില്‍ 5,000 റണ്‍സ് തികച്ചു. ഏറ്റവും വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ താരമാണ് ധവാന്‍. ഇന്ത്യക്കാരില്‍ രണ്ടാമനും. 118 ഇന്നിങ്സുകളില്‍ നിന്ന് 5,000 തികച്ച ധവാന്‍ വെസ്റ്റിന്‍ഡീസ് ഇതിഹാസ താരം ബ്രയാന്‍ ലാറയുടെ റെക്കോഡിനൊപ്പമെത്തി. 101 ഇന്നിങ്സുകളില്‍ നിന്ന് 5,000 പിന്നിട്ട ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംലയാണ് ഈ പട്ടികയില്‍ ഒന്നാമത്. 114 ഇന്നിങ്സുകളില്‍ നിന്ന് ഇതേ നേട്ടം കരസ്ഥമാക്കിയ വിവിയന്‍ റിച്ചാര്‍ഡ്സ്, വിരാട് കോലി എന്നിവര്‍ രണ്ടാമതുണ്ട്.

നേരത്തെ, ടോസ് നേടി പതർച്ചയോടെ ബാറ്റിംഗ് തുടങ്ങിയ ന്യൂസിലാൻഡിന് ഇന്ത്യക്ക് മേൽ ഒരു തരത്തിലും വെല്ലുവിളി ഉയർത്താനായില്ല. ക്യാപ്റ്റൻ കെയ്ൻ വില്യംസ് (64) ഒഴികെ മറ്റാർക്കും കിവീസ് സ്കോർബോർഡിലേക്ക് കാര്യമായി സംഭാവനകളർപ്പിക്കാനായില്ല.

ന്യൂസീലന്‍ഡ് നിരയില്‍ ആറു താരങ്ങള്‍ക്ക് രണ്ടക്കം കടക്കാനായില്ല. ഒരു അര്‍ധസെഞ്ചുറി കൂട്ടുകെട്ടുപോലുമില്ലായിരുന്നു. മുഹമ്മദ് ഷമിയും യൂസ്വേന്ദ്ര ചാഹലും ചേര്‍ന്നാണ് ന്യൂസീലന്‍ഡ് മുന്‍നിരയെ തകര്‍ത്തത്. മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ (5)യും കോളിന്‍ മണ്‍റോ (8)യേയും പുറത്താക്കി ഷമി ന്യൂസിലന്‍ഡിനെ ആദ്യം ഞെട്ടിച്ചു. പിന്നാലെ റോസ് ടെയ്‌ലര്‍ (24), ടോം ലാഥം (11) എന്നിവരെ പുറത്താക്കി ചാഹല്‍ ആതിഥേയരെ പ്രതിരോധത്തിലാക്കി. 12 റണ്‍സെടുത്ത ഹെന്റി നിക്കോള്‍സിനെ കോദാര്‍ ജാദവും പുറത്താക്കി. 14 റണ്‍സോടെ മിച്ചല്‍ സാന്റ്നറെയും ഷമി മടക്കി.