തകര്‍ന്നടിഞ്ഞ് ന്യൂസീലന്‍ഡ്; ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടത് 158 റണ്‍സ് മാത്രം

single-img
23 January 2019

ന്യൂസീലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 158 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയരെ ഇന്ത്യ 157 റണ്‍സിന് പുറത്താക്കി. നാലു വിക്കറ്റെടുത്ത കുല്‍ദീപ് യാദവും മൂന്നു വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയുമാണ് ന്യൂസീലന്‍ഡിനെ തകര്‍ത്തത്. യൂസ്വേന്ദ്ര ചാഹല്‍ രണ്ടു വിക്കറ്റെടുത്തു. അര്‍ധ സെഞ്ചുറി (64) നേടിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ മാത്രമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു മുന്നില്‍ പിടിച്ചു നിന്നത്.

സ്‌കോര്‍ ബോര്‍ഡില്‍ അഞ്ചു റണ്‍സ് മാത്രമുള്ളപ്പോള്‍ ഗപ്റ്റിലിന്റെ കുറ്റി തെറിപ്പിച്ച് മുഹമ്മദ് ഷമിയാണ് ഇന്ത്യ ആശിച്ച തുടക്കം സമ്മാനിച്ചത്. പിടിച്ചുകയറാനുള്ള കിവീസ് ശ്രമങ്ങളുടെ മുനയൊടിച്ച് സ്‌കോര്‍ 18ല്‍ നില്‍ക്കെ രണ്ടാമത്തെ ഓപ്പണര്‍ കോളിന്‍ മണ്‍റോയെയും ഷമി തന്നെ വീഴ്ത്തി. ഇക്കുറിയും കുറ്റിതെറിപ്പിച്ചാണ് ഷമി മണ്‍റോയെ കൂടാരം കയറ്റിയത്.

മൂന്നാം വിക്കറ്റില്‍ ക്ഷമയോടെ പിടിച്ചുനിന്ന റോസ് ടെയ്ലര്‍വില്യംസന്‍ സഖ്യം ന്യൂസീലന്‍ഡിന് പ്രതീക്ഷ പകര്‍ന്നെങ്കിലും ഇന്ത്യയയുടെ രക്ഷകനായി ചാഹല്‍ അവതരിച്ചു. സ്‌കോര്‍ 50 കടന്നതിനു പിന്നാലെ ടെയ്ലറെ സ്വന്തം ബോളിങ്ങില്‍ പിടിച്ചു പുറത്താക്കിയ ചാഹല്‍, പിന്നാലെ ടോം ലാഥമിനെയും സമാന രീതിയില്‍ മടക്കി.

പാര്‍ട്ട് ടൈം സ്പിന്നര്‍ കേദാര്‍ ജാദവിന്റേതായിരുന്നു അടുത്ത ഊഴം. വില്യംസനു കൂട്ടുനില്‍ക്കാനുള്ള ഹെന്റി നിക്കോള്‍സിന്റെ ശ്രമം പൊളിച്ച കേദാര്‍, ഇന്ത്യയ്ക്ക് അഞ്ചാം വിക്കറ്റ് സമ്മാനിച്ചു. അപ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 107 റണ്‍സ് മാത്രം. മിച്ചല്‍ സാന്റ്‌നറിനെയും ഷമി മടക്കിയതോടെ ആറിന് 133 റണ്‍സ് എന്ന നിലയിലായി ന്യൂസീലന്‍ഡ്.

ഡഗ് ബ്രേസ്വെല്ലിനെ കൂട്ടുപിടിച്ച് വില്യംസന്‍ രക്ഷാപ്രവര്‍ത്തനത്തിനു തുനിഞ്ഞെങ്കിലും ഇരട്ടപ്രഹരവുമായി കുല്‍ദീപ് എത്തിയതോടെ ന്യൂസീലന്‍ഡ് വീണ്ടും പതറി. 34ാം ഓവറിന്റെ ആദ്യ പന്തില്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്റെ പ്രതിരോധം തകര്‍ത്ത ചാഹല്‍, അവസാന പന്തില്‍ ബ്രേസ്വെല്ലിനെയും മടക്കി.

സ്‌കോര്‍ 146ല്‍ നില്‍ക്കെയാണ് ന്യൂസീലന്‍ഡിന് രണ്ടു വിക്കറ്റ് നഷ്ടമായത്. ഒരു ഓവറിനു ശേഷം മടങ്ങിയെത്തിയ കുല്‍ദീപ് ലോക്കി ഫെര്‍ഗൂസനെയും പുറത്താക്കി ന്യൂസീലന്‍ഡിനെ ഒന്‍പതിന് 148 റണ്‍സ് എന്ന നിലയിലേക്കു തള്ളിവിട്ടു. അടുത്ത വരവില്‍ ടിം സൗത്തി സിക്‌സോടെ വരവേറ്റെങ്കിലും അവസാന പന്തില്‍ ബൗള്‍ട്ടിനെ (1) വീഴ്ത്തി കുല്‍ദീപ് കിവീസ് ഇന്നിങ്‌സിന് തിരശീലയിട്ടു.