ആളെ കിട്ടില്ലെന്ന് പ്രാദേശിക ഘടകം; കൊല്‍ക്കത്തയിലെ നരേന്ദ്രമോദിയുടെ റാലി റദ്ദാക്കി

single-img
23 January 2019

മാസങ്ങൾക്കു മുന്നേ പ്ലാൻ ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൊൽക്കത്തയിലെ മഹാറാലി മാറ്റിവച്ചു. കഴിഞ്ഞ വര്ഷം ജൂലൈയിൽ തീരുമാനിച്ച റാലിയാണ് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് സജ്ജീകരണങ്ങൾ ഒരുക്കാൻ കഴിയില്ല എന്ന കാരണം പറഞ്ഞ് ബിജെപി ബംഗാൾ ഘടകം റദ്ദാക്കിയത്.

നരേന്ദ്രമോദിയുടെ കൊല്‍ക്കത്ത റാലി ഇതിനു മുന്നേ രണ്ടുതവണ മാറ്റിവെച്ചിരുന്നു എന്നാണ് ടെലിഗ്രാഫ് പത്രം റിപ്പോർട്ട് ചെയ്യുന്നത്. ആദ്യം ജനുവരി 23-ന് നടത്താനിരുന്ന റാലി, പിന്നീട് ജനുവരി 29 ലേക്ക് മാറ്റുകയായിരുന്നു. അതിനുശേഷം ഫെബ്രുവരിയി 8 ലേക്ക് വീണ്ടും മാറ്റി. കഴിഞ്ഞ വര്ഷം ജൂലൈയോടെയാണ് മോദിയുടെ മഹാറാലി കൊല്‍ക്കത്തയിൽ നടത്താൻ ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ടു കഴിഞ്ഞ വര്ഷം ഡിസംബറിൽ ഡൽഹി ബിജെപി ആസ്ഥാനത്ത് ബംഗാളിൽ നിന്നുമുള്ള നേതാക്കളുമായി അമിത് ഷാ ചർച്ചയും നടത്തിയിരുന്നു എന്നാണു ദി ടെലിഗ്രാഫ് പത്രം റിപ്പോർട്ട് ചെയ്യുന്നത്.

നരേന്ദ്രമോദി പ്രസംഗിക്കേണ്ട കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ കഴിഞ്ഞ ദിവസം പത്തു ലക്ഷം ആൾക്കാരെ പങ്കെടുപ്പിച്ചു കൊണ്ട് മമതാബാനർജി പ്രതിപക്ഷ ഐക്യത്തിന്റെ ശക്തി തെളിയിച്ചിരുന്നു. പത്തുലക്ഷം പേർ പങ്കെടുത്തിട്ടുപോലും ബ്രിഗേഡ് പരേഡ് ഗ്രൗണ്ട് പൂർണമായും നിറഞ്ഞിരുന്നില്ല. മമതാബാനർജി പങ്കെടുപ്പിച്ച ആൾക്കാരെക്കാൾ കൂടുതൽ ആളുകൾ നരേന്ദ്രമോദിയുടെ റാലിക്ക് വന്നില്ല എങ്കിൽ അത് നരേന്ദ്രമോദിയുടെ പരാജയമായി വിലയിരുത്തപ്പെടും. നിലവിൽ ഇത്രയധികം ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നരേന്ദ്രമോദിക്ക് കൊല്‍ക്കത്തയിൽ ഒരു നടത്താനാകില്ല എന്ന തിരിച്ചറിവാണ് റാലി ഉപേക്ഷിക്കാന്‍ ബിജെപി നേതാക്കളെ പ്രേരിപ്പിച്ചത് എന്നാണു റിപ്പോര്‍ട്ട്.

കൊല്‍ക്കത്തയിലെ റാലിക്ക് പകരം അസൻസോളിലാണ് മോദിയുടെ റാലി നിശ്ചയിച്ചിരിക്കുന്നത്. അസൻസോൾ താരതമ്യേന ചെറിയ പട്ടണവും അവിടെയുള്ള മൈതാനം താരതമ്യേന ചെറുതുമാണ് അതുകൊണ്ടുതന്നെ മൈതാനം നിറഞ്ഞു കവിയുന്ന നിലയിൽ ബിജെപിക്ക് അവിടെ ജനങ്ങളെ സംഘടിപ്പിക്കാൻ കഴിയുമെന്നാണ് ബംഗാൾ ഘടകത്തിന്റെ വിലയിരുത്തൽ.