ശബരിമല; യുഡിഎഫ് വോട്ടുകൾ ബിജെപിയിലേക്കു പോകും: എൽഡിഎഫ് സുരക്ഷിതരാണെന്ന് വെള്ളാപ്പള്ളി

single-img
22 January 2019

ശബരിമല വിഷയത്തിൽ ഏറ്റവും കൂടുതൽ നഷ്ടം സംഭവിക്കുന്നത് യുഡിഎഫിനായിരിക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സമരത്തിന്റെ ഫലമായി യുഡിഎഫിന് സര്‍വനാശം സംഭവിക്കുമെന്നും എന്നാൽ എല്‍ഡിഎഫിന് ഇതുകൊണ്ടൊന്നും ഒരു ചുക്കും സംഭവിക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശബരിമല സമരത്തിനു പിന്നില്‍ ഒരു രാജാവും ഒരു ചങ്ങനാശ്ശേരിയും ഒരു തന്ത്രിയുമാണെന്നും അദ്ദഹം ആരോപിച്ചു. സവര്‍ണ ലോബിയാണ് ഇൗ വിഷയം ഉയർത്തി നിർത്തിയിരിക്കുന്നത്. കൂടിയാലോചനകളില്ലാതെയാണ് സമരത്തിനു തീരുമാനമെടുത്തത്.. തിരുവനന്തപുരത്തു നടന്ന അയ്യപ്പ ഭക്ത സംഗമത്തിനു രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

മാതാ അമൃതാനന്ദമയി പങ്കെടുത്തതുകൊണ്ടാണ് സംഗമത്തില്‍ ആളുകള്‍ എത്തിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഹിന്ദു ഐക്യമാണ് ലക്ഷ്യമെങ്കില്‍ എസ്എന്‍ഡിപി യോഗത്തോട് ആലോചിക്കണം. ടിപി സെന്‍കുമാറിനെ എസ്എന്‍ഡിപി പ്രതിനിധിയായി കാണുന്നില്ല. ചിലരുടെ ഉള്ളില്‍ ഇപ്പോഴും ചാതുര്‍വര്‍ണ്യമുണ്ട്. പിന്നാക്കക്കാരനെ ഉള്‍ക്കൊള്ളാനായിട്ടില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. എന്‍എസ്എസിന്റെ സമദൂരം എന്തെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസിലായിട്ടുണ്ടെന്ന് വെള്ളാപ്പള്ളി വിമര്‍ശിച്ചു.

സുപ്രിം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്. ആ നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചു പറഞ്ഞത്. എന്നാല്‍ യുവതീ പ്രവേശനത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിനു പിഴവു പറ്റിയിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. വനിതാ മതിലിനു പിറ്റേന്നു തന്നെ ശബരിമലയില്‍ യുവതികളെ കയറ്റിയത് തെറ്റായ നടപടിയാണ്.

മല കയറിയ നശൂലങ്ങള്‍ക്കു വീട്ടില്‍പോലും കയറാനാവുന്നില്ല. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് അതു നടന്നതെന്നു കരുതുന്നില്ല. അത്രയ്ക്കു ബുദ്ധിയില്ലാത്തയാളല്ല പിണറായി വിജയന്‍. സുപ്രിം കോടതിയില്‍ 51 പേരുടെ പട്ടിക നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.