പ്ലാസ്റ്റിക് ഉപയോഗിച്ചാല്‍ കട അടച്ച് പൂട്ടും; ഗ്രീന്‍ പ്രോട്ടോക്കോളുമായി കളക്ടര്‍ വാസുകി

single-img
22 January 2019

ആറ്റുകാല്‍ പൊങ്കാല മഹോത്സവ ദിവസങ്ങളില്‍ ക്ഷേത്ര പരിസരത്ത് സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ. കെ വാസുകി അറിയിച്ചു. പൊങ്കാല മഹോത്സവത്തിന്റെ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗമാണ് സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

ഫെബ്രുവരി 20നാണ് ഇത്തവണത്തെ ആറ്റുകാല്‍ പൊങ്കാല. ഫെബ്രുവരി 12 മുതല്‍ 21 വരെയാണ് പൊങ്കാല മഹോത്സവം. ഉത്സവമേഖലയായി പ്രഖ്യാപിച്ചിട്ടുള്ള 21 കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ പൂര്‍ണമായി ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ചു. പൊങ്കാലയ്ക്ക് വരുന്ന ഭക്തജനങ്ങള്‍ പ്ലാസ്റ്റിക് കവറുകള്‍, കുപ്പികള്‍ എന്നിവ കൊണ്ടുവരുന്നത് ഒഴിവാക്കണം.

മണ്‍കപ്പ്, സ്റ്റീല്‍ പാത്രങ്ങള്‍, പാം പ്ലേറ്റ്‌സ് എന്നിവ ഉപയോഗിക്കണം. ഉത്സവവുമായി ബന്ധപ്പെട്ട് തുറക്കുന്ന താത്കാലിക കടകളിലടക്കം പ്ലാസ്റ്റിക് പായ്ക്കറ്റുകളില്‍ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കാന്‍ അനുവദിക്കില്ല. പ്ലാസ്റ്റിക് കവറുകളില്‍ ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ അടച്ചുപൂട്ടും. പ്ലാസ്റ്റിക്കിന് പകരം ബ്രൗണ്‍ കവറുകളില്‍ ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കാവുന്നതാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

ഉത്സവത്തിനായി ലൈസന്‍സ് നല്‍കുന്ന താത്കാലിക വ്യാപാര സ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് കുപ്പികളില്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ അനുവദിക്കില്ല. പ്ലാസ്റ്റിക് പാത്രങ്ങളോ കപ്പുകളോ അനുവദിക്കില്ല. അന്നദാനത്തിന് ആവശ്യമുള്ള സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസുകളും നഗരസഭയില്‍നിന്ന് ലഭ്യമാണെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നതിനും പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ മാത്രം ഉപയോഗിക്കുന്നതിനും എല്ലാവരും സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു. ശബ്ദമലിനീകരണം തടയുന്നതിനുള്ള നടപടികളും കര്‍ശനമാക്കുമെന്ന് കളക്ടര്‍ പറഞ്ഞു.