ഊളമ്പാറയിലോ കുതിരവട്ടത്തോ അയക്കേണ്ടവനെ മന്ത്രിയാക്കിയാൽ ഇതാണ് ഗതി: മന്ത്രി എംഎം മണിക്കെതിരെ രൂക്ഷ പരാമർശവുമായി പികെ കൃഷ്ണദാസ്

single-img
22 January 2019

സംസ്ഥാന വൈദ്യുത വകുപ്പ് മന്ത്രി എംഎം മണിയെ അധിക്ഷേപിച്ച് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ്. തലയ്ക്കു വെളിവില്ലാത്ത കേരളത്തിന്റെ വൈദ്യുതി മന്ത്രിയെ ഊളമ്പാറയിലോ കുതിരവട്ടത്തോ അയക്കണമെന്നാണ് കൃഷ്ണദാസിൻ്റെ പ്രസ്താവന. തിരുവനന്തപുരത്ത് നടന്ന എസ്‌ജെഡി  ആര്‍എല്‍എസ്പി ലയന സമ്മേളനത്തിലായിരുന്നു കൃഷ്ണദാസിന്റെ പരാമര്‍ശം.

പ്രളയത്തിന് ഉത്തരവാദി ഈ സര്‍ക്കാരാണ്. ഈ സര്‍ക്കാരിന്റെ അജ്ഞത, അഹങ്കാരം അതാണ് പ്രളയത്തിന് കാരണമായത്. എല്ലാ അണക്കെട്ടുകളും തുറന്നിട്ടാല്‍ ഇതുപോലെത്തെ പ്രളയം വരില്ലേ. ഈ അണക്കെട്ട് തുറന്നുവിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാത്ത, തലയ്ക്കുള്ളില്‍ വെളിവില്ലാത്ത ഒരു മന്ത്രിയാണ് വിദ്യുച്ഛക്തി വകുപ്പ് കൈകാര്യം ചെയ്യുന്നത്-  കൃഷ്ണദാസ് പറഞ്ഞു.

അയാളുടെ പേരൊന്നും ഞാന്‍ പറയുന്നില്ല. അമ്പലത്തിലും ചര്‍ച്ചിലുമൊക്കെ അത് ഉപയോഗിക്കാറുണ്ട്. ഊളമ്പാറയിലോ കുതിരവട്ടത്തോ കൊണ്ടുപോകേണ്ട ആളുകളെ മന്ത്രിയാക്കിയാല്‍ എന്താ സംഭവിക്കുക. അതാണ് സംഭവിച്ചത്. അയാള്‍ക്ക് അണക്കെട്ട് എന്താ, വെള്ളം എന്താ, പ്രളയം എന്താ ഇതൊന്നും അറിയാത്ത കക്ഷിയാ. 31 അണക്കെട്ടും ഒരേസമയത്ത് തുറന്ന് വിട്ടപ്പോ വെള്ളം വന്നു അതാണ് സംഭവിച്ചതെന്നും കൃഷ്ണദാസ് പറഞ്ഞു.

അജ്ഞതയും അറിവില്ലായ്മയും കൊണ്ടാണ് ഇത്രയും മനുഷ്യജീവനുകള്‍ പൊലിഞ്ഞത്. നിരവധി കുടുംബങ്ങളെ സര്‍ക്കാര്‍ അനാഥമാക്കി. ജനങ്ങളുടെ ഉപജീവന മാര്‍ഗ്ഗങ്ങളും കന്നുകാലികളും നഷ്ടമാക്കിയത് സര്‍ക്കാരാണ്. പ്രളയബാധിതര്‍ക്ക് കൊടുക്കാനിരുന്ന പതിനായിരം രൂപയുടെ കിറ്റ് വരെ മുക്കിയെന്നും പി കെ കൃഷ്ണദാസ് യോഗത്തിൽ ആരോപിച്ചു.