വിമാനക്കമ്പനികളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ച വിജയം; കണ്ണൂരിൽ നിന്നും കൂടുതല്‍ അന്താരാഷ്ട്ര – ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ ആരംഭിക്കും: എയർ ഇന്ത്യ നിരക്ക് കുറച്ചു

single-img
22 January 2019

മുഖ്യമന്ത്രി പിണറായി വിജയനുമായി വിമാനക്കമ്പനികളുടെ സിഇഒമാര്‍ നടത്തിയ ചര്‍ച്ച വിജയം. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ അന്താരാഷ്ട്ര – ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുമെന്ന് വിമാനക്കമ്പനികള്‍ ചർച്ചയ്ക്കുശേഷം അറിയിച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് കണ്ണൂരില്‍ നിന്ന് മൂന്ന് രാജ്യങ്ങളിലേക്ക് കൂടി പുതിയതായി സര്‍വ്വീസ് ആരംഭിക്കുമെന്നും  അധികൃതർ വ്യക്തമാക്കി.

കുവൈറ്റ്, മസ്‌കറ്റ്, ബഹ്‌റൈന്‍ എന്നിവിടങ്ങളിലേക്കാവും ഈ സര്‍വ്വീസുകള്‍.  നിലവില്‍ നാല് അന്താരാഷ്ട്ര സര്‍വ്വീസുകളാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും എയര്‍ ഇന്ത്യ നടത്തുന്നത്. ദുബൈ, ഷാര്‍ജ, അബുദബി, മസ്‌കറ്റ്, ബഹ്‌റൈന്‍, റിയാദ്, ജിദ്ദ, മലേഷ്യ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സര്‍വ്വീസുകളാണ് പുതുതായി ആരംഭിക്കുന്നത്.  ഈ സർവീസുകളുടെ കാര്യം മുഖ്യമന്ത്രി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് എയര്‍ഇന്ത്യയുടെ നടപടി.

മുംബൈ, മസ്‌കറ്റ് എന്നിവിടങ്ങളിലേക്ക് കണ്ണൂരില്‍ നിന്നും വിമാനങ്ങള്‍ ഒരുക്കുമെന്ന് ഗോ എയറും അറിയിച്ചു. കൂടുതല്‍ ആഭ്യന്തര സര്‍വ്വീസുകള്‍ നടത്താമെന്ന ഉറപ്പ് സ്‌പൈസ് ജെറ്റും മുന്നോട്ട് വച്ചിട്ടുണ്ട്. എന്നാല്‍ വ്യോമസേനാ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ വിദേശ വിമാനക്കമ്പനികള്‍ക്ക് കണ്ണൂരില്‍ സര്‍വ്വീസ് നടത്തുന്നതിന് സാധിക്കുകയുള്ളൂ. ഇക്കാര്യത്തില്‍ മന്ത്രാലയവുമായി സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയേക്കുമെന്നും സൂചനകളുണ്ട്.

ബംഗളുരു, ഹൈദരാബാദ്, ചെന്നൈ, ഹൂബ്ലി, ഗോവ എന്നിവിടങ്ങളിലേക്ക് കണ്ണൂരില്‍ നിന്നുള്ള സര്‍വ്വീസുകള്‍ ഈ മാസം 25 മുതല്‍ ആരംഭിക്കുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സും വ്യക്തമാക്കി. ദോഹയിലേക്കും കുവൈത്ത്, ദമാം , ജിദ്ദ എന്നിവിടങ്ങളിലേക്കും സര്‍വ്വീസ് നടത്തുന്ന കാര്യം പരിഗണിച്ചു വരികയാണ്.

അമിത നിരക്ക് വര്‍ധന പിന്‍വലിക്കുമെന്ന ഉറപ്പും എയര്‍ ഇന്ത്യ നല്‍കിയിട്ടുണ്ട്. ഗള്‍ഫ് മേഖലയിലേക്ക് കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളില്‍ നിന്നുള്ളതിനെക്കാള്‍ കൂടിയ നിരക്ക് എയര്‍ ഇന്ത്യ ഈടാക്കുന്നതായി മുഖ്യമന്ത്രി ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.