സിബിഐയിൽ മോദി സർക്കാർ ശുദ്ധികലശം തുടങ്ങി; തലപ്പത്ത് കൂട്ട സ്ഥലംമാറ്റം

single-img
22 January 2019

സിബിഐ ഡയറക്ടർ ആയിരുന്ന അലോക് വര്‍മ്മയെ മാറ്റി ഇടക്കാല ഡയറക്ടറായി എം നാഗേശ്വര റാവുവിനെ നിയമിച്ചതിനു പിന്നാലെ സിബിയുടെ തലപ്പത്ത് കൂട്ട സ്ഥലംമാറ്റം. പഞ്ചാബ് നാഷണൽ ബാങ്കിനെ പറ്റിച്ചു നാട് വിട്ട നീരവ് മോദിയുടെ കേസ് ഉൾപ്പടെ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. മലയാളി ഉദ്യോഗസ്ഥനായ എസ് കെ നായർ ആയിരുന്നു നീരവ് മോദിയുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിച്ചിരുന്നത്.

പിഎന്‍ബി തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ നീരവ് മോദി വിദേശത്തേക്ക് കടക്കുന്നതിന് മുന്‍പ് പാര്‍ലമെന്റില്‍ വച്ച് അരുണ്‍ ജയ്റ്റ്‌ലിയുമായി കൂടികാഴ്ച നടത്തിയിരുന്നെന്ന് ആരോപണം ഉണ്ടായിരുന്നു. കോണ്ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ളവര്‍ ഈ ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു.

ഇതിനു മുന്നേ അലോക് വര്‍മ്മയെ മാറ്റിഎപ്പോഴും സി ബി ഐയിൽ കൂട്ട സ്ഥലമാറ്റം നടപ്പാക്കിയിരുന്നു. അന്ന് മോദിയുടെ വിശ്വസ്തനായ സിബിഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനക്കെതിരായ കേസ് അന്വേഷിക്കുന്ന 12 സിബിഐ ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്. കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന അജയ് ബസിയെ പോര്‍ട്ട് ബ്ലെയറിലേക്കാണ് മാറ്റിയത്.

എന്നാൽ അലോക് വര്‍മ്മയുടെ രാജിയെ തുടർന്നുണ്ടായ വിവാദങ്ങൾ തണുപ്പിക്കാൻ രാകേഷ് അസ്താനയെ സ്പെഷ്യല്‍ ഡയറക്ടര്‍ സ്ഥാനത്തു നിന്നും മോദി സർക്കാർ മാറ്റിയിരുന്നു. വിമാനത്താവളങ്ങളുടെയും വിമാനങ്ങളുടെയും സുരക്ഷാച്ചുമതലയുള്ള സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ മേധാവിയായിട്ടാണ് രാകേഷ് അസ്താനയെ മാറ്റിയത്.