ഹര്‍ത്താല്‍ ദിനത്തില്‍ ഓടിരക്ഷപ്പെട്ട സംഘപരിവാറുകാരേ… നിങ്ങളുടെ ബൈക്കുകള്‍ തിരിച്ചുവേണ്ടേ….; 47 ബൈക്കുകള്‍ പോലീസ് സ്‌റ്റേഷനില്‍ കിടന്ന് നശിക്കുന്നു

single-img
22 January 2019

ജനുവരി മൂന്നിന് സംഘ്പരിവാര്‍ നടത്തിയ ഹര്‍ത്താലിനിടെ മലപ്പുറം ജില്ലയിലെ എടപ്പാളില്‍ നടന്ന സംഭവം സാമൂഹ്യമാധ്യമങ്ങളില്‍ വലിയ രീതിയില്‍ വൈറലായതാണ്. കരുത്ത് തെളിയിക്കാന്‍ ബൈക്ക് റാലി നടത്തിയവര്‍ നാട്ടുകാരുടെ പ്രതികരണത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ചിതറിയോടുന്ന കാഴ്ചയായിരുന്നു അന്ന് കണ്ടത്.

അന്ന് അവര്‍ ഉപേക്ഷിച്ച ആ ബൈക്കുകള്‍ ഇപ്പോഴും ആരും ഏറ്റെടുക്കാന്‍ എത്താതെ പോലീസ് സ്‌റ്റേഷനില്‍ കിടന്ന് നശിക്കുകയാണ്. 35 ബൈക്കുകള്‍ ചങ്ങരംകുളം പൊലീസ് സ്‌റ്റേഷനിലും 12 ബൈക്കുകള്‍ പൊന്നാനി സ്‌റ്റേഷനിലുമാണ് ഉള്ളത്. ബൈക്കുകളുടെ നമ്പര്‍ പരിശോധിച്ചു ഉടമസ്ഥരെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പക്ഷേ, അവര്‍ക്ക് പ്രശ്‌നങ്ങളില്‍ ഉള്ള പങ്ക് കൂടി മനസിലാക്കിയ ശേഷമേ അടുത്ത നടപടി എടുക്കൂ. ഇതിനായി സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും മാധ്യമപ്രവര്‍ത്തകര്‍ പകര്‍ത്തിയ ദൃശ്യങ്ങളും എല്ലാം പൊലീസ് പരിശോധിച്ചു തുടങ്ങിയിട്ടുണ്ട്. പലരും ബൈക്കുകള്‍ അന്വേഷിച്ചും നിരപരാധിത്തം വിശദീകരിച്ചും വിളിക്കുന്നുണ്ടെങ്കിലും ആരും ഇതുവരെ നേരില്‍ വരാന്‍ തയ്യാറായിട്ടില്ലെന്നു ചങ്ങരംകുളം പൊലീസ് പറയുന്നു.

കേസില്‍ അകപ്പെട്ടതിനാല്‍ ബൈക്കുകള്‍ അത്ര എളുപ്പത്തിലൊന്നും തിരിച്ചെടുക്കാനുമാവില്ല. ഹര്‍ത്താല്‍ ആക്രമണത്തില്‍ 27 പേരാണ് ചങ്ങരംകുളം പൊലീസിന്റെ പിടിയിലായത്. പത്തുപേരെ പൊന്നാനി സി.ഐയും അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായവര്‍ എല്ലാവരും ബിജെപി ബന്ധം ഉള്ളവരാണ്.

ബൈക്കുകള്‍ സ്‌റ്റേഷന്‍ വളപ്പില്‍ വെയിലും മഞ്ഞുമേറ്റ് നശിക്കുകയാണ്. ബൈക്കുകള്‍ വിട്ടുകിട്ടാന്‍പോലും പ്രവര്‍ത്തകരെ സഹായിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ ശ്രമിക്കുന്നില്ലെന്ന് അണികള്‍ക്ക് പരാതിയുണ്ട്. ഇപ്പോഴും ഒളിവില്‍ കഴിയുന്ന പ്രവര്‍ത്തകരുണ്ട്.

പൊന്നാനിയില്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ ഇനിയും പിടികിട്ടാനുണ്ട്. നിലവില്‍ പിടികൂടിയവയില്‍ വിരലിലെണ്ണാവുന്ന ബൈക്കുകള്‍ അക്രമപ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കെടുത്തവരുടേതല്ല. എന്നിട്ടും കേസ് ഭയന്ന് പലരും പൊലീസ് സ്‌റ്റേഷനില്‍ എത്തുന്നില്ല.