മലയാളിക്ക് രണ്ടുകോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ദുബായ് കോടതി വിധി

single-img
22 January 2019

വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് രണ്ടു കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ദുബായ് സിവില്‍ കോടതി വിധിച്ചു. കണ്ണൂര്‍ ജില്ലയിലെ പള്ളിപറമ്പ് സ്വദേശി അയടത്തു പുതിയപുരയില്‍ സിദ്ദീഖ് (42)നാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്. ഷാര്‍ജയില്‍ കഫ്റ്റീരിയ നടത്തുകയായിരുന്ന സിദ്ദീഖിനെ 2017 മേയ് 20 ന് ദുബായ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ മുഹമ്മദ് സല്‍മാന്‍ എന്ന പാകിസ്താനി ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു.

അപകടത്തിനിടയാക്കിയ പാകിസ്താനി അശ്രദ്ധയോടെയും ട്രാഫിക് നിയമം ലംഘിച്ചുമാണ് വാഹനം ഓടിച്ചതെന്ന് ഷാര്‍ജ ട്രാഫിക് ക്രിമിനല്‍ കോടതി കണ്ടെത്തി. 3000 ദിര്‍ഹം (58,000 രൂപ) പിഴയും മൂന്ന് മാസത്തേക്ക് ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാനുമായിരുന്നു കോടതി ഉത്തരവ്.

എന്നാല്‍ നഷ്ടപരിഹാരം കുറഞ്ഞുപോയതിനെ തുടര്‍ന്ന് വാഹന ഇന്‍ഷുറന്‍സ് കമ്പനിയെയും ഡ്രൈവറെയും എതിര്‍കക്ഷിയാക്കി ദുബായ് സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. അപകടം കാരണം പരാതിക്കാരന്റെ പ്രാഥമികകാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള ശേഷി നഷ്ടമായതായും ജീവിക്കാന്‍ മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയിലായെന്നും പരാതിക്കാരനുവേണ്ടി വാദിച്ചു. തുടര്‍ന്ന് അപകടത്തില്‍ പരാതിക്കാരനുണ്ടായ ശാരീരിക, സാമ്പത്തിക, മാനസിക നഷ്ടങ്ങള്‍ പരിഗണിച്ചു 10,90,000 ദിര്‍ഹം (ഏകദേശം 2.11 കോടി രൂപ) നല്‍കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.