ഇടിമിന്നലിന്റെയും ആലിപ്പഴവര്‍ഷത്തിന്റെയും അകമ്പടിയോടെ കനത്ത മഴ; രാവിലെ ഒമ്പത് മണിക്കും ഡല്‍ഹിയില്‍ ഇരുട്ട്; റോഡ്‌റെയില്‍ ഗതാഗതം തടസപ്പെട്ടു

single-img
22 January 2019

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയും കാറ്റും. ഇടിമിന്നലിന്റെയും ആലിപ്പഴവര്‍ഷത്തിന്റെയും അകമ്പടിയോടെയാണ് രാവിലെ മുതല്‍ മഴ പെയ്തത്. പകല്‍ വെളിച്ചവും ദൂരകാഴ്ചയും കുറഞ്ഞതിനാല്‍ നഗരത്തില്‍ വാഹന ഗതാഗതം താറുമാറായി.

മോശം കാലാവസ്ഥ കാരണം 15 ട്രെയിനുകളുടെ സമയക്രമം തെറ്റിയെന്നും ട്രെയിനുകള്‍ വൈകിയോടുകയാണെന്നും വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതും കാഴ്ച കുറഞ്ഞതും കാരണം പലയിടത്തും ഗതാഗതക്കുരുക്കുണ്ടായി.

തിങ്കളാഴ്ച ഉച്ച മുതലാണ് കാലാവസ്ഥയില്‍ മാറ്റം സംഭവിച്ചത്. നഗരത്തിന്റെ വിവിധ മേഖലയില്‍ ഇടിക്കും മഴക്കും സാധ്യതയുണ്ടെന്ന് മെറ്റീരിയോളജിക്കല്‍ വകുപ്പ് അറിയിച്ചു. മഴ തുടരുന്നതിനാല്‍ തലസ്ഥാനത്തെ വായു നിലവാരസൂചിക ഉയര്‍ന്നേക്കുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ വിലയിരുത്തല്‍.

അടുത്തദിവസങ്ങളിലും മഴ തുടര്‍ന്നേക്കുമെന്നും വരുംദിവസങ്ങളില്‍ രാത്രിയിലെ കൂടിയ താപനില പത്ത് ഡിഗ്രി വരെയാകാമെന്നും തണുപ്പ് കൂടാമെന്നും കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി.