ഗൗരി ലങ്കേഷിന്റെ കൊലപാതകവും, ഗോപിനാഥ് മുണ്ടെയുടെ മരണവും വീണ്ടും ചര്‍ച്ചയാവുന്നു; അപ്രതീക്ഷിത വെളിപ്പെടുത്തലില്‍ അടിപതറി ബിജെപി

single-img
22 January 2019

ഇന്ത്യയിലെ വിവിധ തെരഞ്ഞെടുപ്പുകളില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ അട്ടിമറി നടത്തിയിട്ടുണ്ടെന്ന ഹാക്കറുടെ വെളിപ്പെടുത്തല്‍ ബിജെപി കേന്ദ്രങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. ഇതേച്ചൊല്ലി കോണ്‍ഗ്രസ് ബിജെപി വാക്‌പോര് രൂക്ഷമായിരിക്കുകയാണ്. ഗുരുതരമായ ആരോപണങ്ങളില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

എന്നാല്‍ കോണ്‍ഗ്രസിന്റേത് തരംതാണ രാഷ്ട്രീയമാണെന്ന് കേന്ദ്രമന്ത്രി അരുണ്‍ജെയ്റ്റ്‌ലി ആരോപിച്ചു. ഹാക്കറുടെ അവകാശവാദം പെരുംനുണയാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് തെരഞ്ഞെടുപ്പ് കമ്മീഷനും ഉദ്യോഗസ്ഥരും ബിജെപിയുടെ ചട്ടുകമായാണോ പ്രവര്‍ത്തിച്ചതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം. ഇത്തരം വിഢിത്തങ്ങള്‍ അംഗീകരിക്കാന്‍ ജനങ്ങള്‍ മണ്ടന്മാരാണെന്ന് കോണ്‍ഗ്രസ് വിചാരിക്കരുതെന്നും ജെയ്റ്റ്‌ലി ട്വീറ്റ് ചെയ്തു.

അതേസമയം, ഗോപിനാഥ് മുണ്ടെയുടെ മരണത്തെക്കുറിച്ച് ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മുണ്ടെയുടെ അനന്തിരവന്‍ രംഗത്തെത്തി. ഗോപിനാഥ് മുണ്ടെയുടെ മരണത്തെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗമായ റോയോ സുപ്രീംകോടതി ജഡ്‌ജോ അന്വേഷിക്കണമെന്നാണ് എന്‍സിപി നേതാവ് കൂടിയായ ധനഞ്ജയ് മുണ്ടെ ആവശ്യപ്പെട്ടിട്ടുള്ളത്.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രത്തില്‍ വ്യാപക ക്രമക്കേട് നടന്നുവെന്നും ഈ രഹസ്യമറിയാവുന്നതുകൊണ്ടാണ് ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടതെന്നുമാണ് യുഎസ് ഹാക്കര്‍ സെയ്ദ് ഷൂജ ഇന്നലെ വെളിപ്പെടുത്തിയത്.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ നടന്ന തിരിമറികളെക്കുറിച്ച് വെളിപ്പെടുത്താനിരിക്കെയാണ് പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതെന്നും ഷുജ പറഞ്ഞിരുന്നു. ‘ഇ.വി.എമ്മുകളില്‍ നടന്ന തട്ടിപ്പിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനിരിക്കുകയായിരുന്നു ഗൗരി ലങ്കേഷ്.

ഇ.വി.എമ്മുകളില്‍ ഉപയോഗിക്കുന്ന കേബിളുകള്‍ ആരാണ് നിര്‍മ്മിക്കുന്നതിന് അറിയാനായി വിവരാവകാശ നിയമപ്രകാരം അപേക്ഷ കൊടുത്ത് അതിനായി കാത്തിരിക്കുകയായിരുന്നു അവര്‍. എന്നാല്‍ അതിനു മുന്‍പ് അവര്‍ കൊല്ലപ്പെട്ടു’ സയ്ദ് പറഞ്ഞു.

മറ്റൊരു അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനോട് ഈ കാര്യങ്ങള്‍ താന്‍ പറഞ്ഞിരുന്നതാണെന്നും അയാള്‍ ഒന്നും ചെയ്തില്ലെന്നും സയ്ദ് കുറ്റപ്പെടുത്തുന്നു. ‘ദിവസവും ചാനലില്‍ ഇരുന്നു ബഹളം വെക്കുന്ന ആളാണ് ഇയാള്‍’ സയ്ദ് പറഞ്ഞു.

അമേരിക്ക കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സയ്യിദ് ഷുജ, തനിക്കു നേരെ ഹൈദരാബാദില്‍വെച്ച് ആക്രമണം നടന്നുവെന്നും വെളിപ്പെടുത്തി. തന്റെ ടീമിലുള്ള ചിലര്‍ കൊല്ലപ്പെട്ടു. മുഖം മിക്കവാറും മറച്ചാണ് ഷുജ സ്‌ക്രീനില്‍ എത്തിയത്. ഇന്ത്യന്‍ ജേണലിസ്റ്റ്സ് അസോസിയേഷന്‍ (യൂറോപ്) സംഘടിപ്പിച്ച വാര്‍ത്തസമ്മേളനത്തിലാണ് ഷുജ വെളിപ്പെടുത്തല്‍ നടത്തിയത്.

യുപി, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പുകളിലും ക്രമക്കേട് നടന്നു. എന്നാല്‍, എന്റെ സുഹൃത്തുക്കള്‍ സാങ്കേതിക തടസ്സമുണ്ടാക്കി. ഡല്‍ഹിയില്‍ എഎപിക്ക് അനുകൂലമായ ഫലമുണ്ടായത് ഇങ്ങനെയാണ്. ആ വിജയവും യഥാര്‍ഥമല്ലെന്നും അദേഹം പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഹാക്കറുടെ വെളിപ്പെടുത്തല്‍ ബിജെപിയെ സംശയനിഴലിലാക്കിയിരിക്കുകയാണ്. ഗൗരി ലങ്കേഷിന്റെ കൊലപാതകവും, ഗോപിനാഥ് മുണ്ടെയുടെ മരണവും വീണ്ടും ചര്‍ച്ചയാവുന്നതും, ഇവിഎമ്മില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണവും തങ്ങള്‍ക്ക് അനുകൂലമാകുമെന്ന നിഗമനത്തിലാണ് കോണ്‍ഗ്രസ്.