‘ബിക്കിനി സെല്‍ഫി ഗേള്‍’ മലമുകളില്‍ തണുത്തുറഞ്ഞു മരിച്ചു

single-img
22 January 2019

തായ്‌വാനിലെ പ്രശസ്ത ഹൈക്കറും ബിക്കിനി സെല്‍ഫികളിലൂടെ സമൂഹമാധ്യമങ്ങളില്‍ തരംഗവുമായ ജിഗി വു (36) സാഹസിക മലകയറ്റത്തിനിടെ അപകടത്തില്‍ മരിച്ചു. സെന്‍ട്രല്‍ തയ്‌വാനിലെ യുഷാന്‍ പര്‍വത നിരകളിലേക്കുള്ള ഏകാന്ത ട്രക്കിങ്ങിനിടെയാണു ദാരുണ സംഭവം.

പര്‍വതത്തിലൂടെ കയറിക്കൊണ്ടിരിക്കെ കാലുതെന്നി 65 അടി താഴ്ചയുള്ള മലയിടുക്കിലേക്കു വീണാണു ജിഗി വു മരണപ്പെട്ടതെന്നു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഹെലികോപ്ടറുകള്‍ക്ക് അപകടസ്ഥലം കണ്ടെത്താന്‍ പ്രതികൂല കാലാവസ്ഥ തടസമായി. അപകട സ്ഥലം കണ്ടെത്തുമ്പോഴേക്കും ഗിഗിയുടെ മരണം സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു.

പര്‍വതങ്ങളിലും ഉയര്‍ന്ന മലകളിലും കയറി സെല്‍ഫികള്‍ പകര്‍ത്തുന്നത് ഗിഗിയുടെ വിനോദമായിരുന്നു. ബിക്കിനി ധരിച്ച് പകര്‍ത്തിയിരുന്ന സെല്‍ഫികള്‍ ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പങ്കു വെച്ചിരുന്ന ഗിഗിക്ക് വലിയ ആരാധകവൃന്ദം തന്നെയുണ്ട്. പര്‍വതങ്ങള്‍ക്ക് മുകളിലെത്തിയ ശേഷം വസ്ത്രം മാറി ബിക്കിനി ധരിച്ച് സെല്‍ഫി എടുക്കുകയായിരുന്നു ഗിഗിയുടെ പതിവ്.

നാലു കൊല്ലത്തിനുള്ളില്‍ നൂറോളം മലമുനമ്പുകളില്‍ കയറിയതായി ഫാഷന്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ഗിഗി പറഞ്ഞിരുന്നു. സാഹസികത ഇഷ്ടപ്പെടുന്നതു കൊണ്ടാണ് സെല്‍ഫി പകര്‍ത്താന്‍ മാത്രമായി മലകള്‍ കയറുന്നതെന്നും ചിത്രങ്ങള്‍ മനോഹരമല്ലേയെന്നും ഗിഗി അഭിമുഖത്തില്‍ പറഞ്ഞിരുന്നു.