പ്രണവിനെ കുറ്റം പറയാന്‍ എന്തവകാശം; തുറന്നടിച്ച് അരുണ്‍ ഗോപി

single-img
22 January 2019

പ്രണവ് മോഹന്‍ലാലിനെ, മോഹന്‍ലാലിനോട് താരതമ്യപ്പെടുത്തുന്നവര്‍ക്ക് മറുപടിയുമായി സംവിധായകന്‍ അരുണ്‍ഗോപി. ഇരുവര്‍ക്കും അവരവരുടേതായ അഭിനയ ശൈലികളാണുള്ളതെന്നും എന്തിനാണ് അനാവശ്യമായി താരതമ്യപ്പെടുത്തുന്നതെന്നും സംവിധായകന്‍ ചോദിച്ചു.

‘ഇതുപോലെയൊരു മണ്ടത്തരം വേറെയില്ല എന്നാണ് പറയാനുള്ളത്. ഓരോ അഭിനേതാവിനും അവരുടേതായ രീതിയുണ്ട്. ലാലേട്ടന്‍ അഭിനയിക്കുന്നത് അപ്പു (പ്രണവ്) അഭിനയിച്ചാല്‍ അതില്‍ എന്ത് വ്യത്യാസമാണുള്ളത്. ലാലേട്ടനെപ്പോലെ ലാലേട്ടന് മാത്രമേ അഭിനയിക്കാന്‍ സാധിക്കൂ, അപ്പുവിനെപ്പോലെ അപ്പുവിനും. രണ്ട് വ്യക്തികളുടെ അഭിനയത്തെ താരതമ്യം ചെയ്യുന്നത് ശരിയല്ല. ഓരോ അഭിനേതാവും ശ്രമിക്കുന്നത് അവരുടേതായ ശൈലിയുണ്ടാക്കി എടുക്കാനാണ്.’

പ്രണവിന്റെ ഡയലോഗ് പറച്ചിലിനെ കുറ്റം പറയുന്നവരുണ്ട്. ഈ പറയുന്നവരെല്ലാം വളരെ ഭംഗിയായി മലയാളം സംസാരിക്കുന്നവരാണോ? വിമര്‍ശനം സ്വീകരിക്കാന്‍ മടിയുള്ള ആളല്ല ഞാന്‍. എന്നാല്‍ കുറ്റം പറയാന്‍ വേണ്ടി കുറ്റം കണ്ടുപിടിക്കേണ്ട ആവശ്യമില്ല.

പുറത്തൊക്കെ പഠിച്ചതുകൊണ്ട് പ്രണവിന്റെ മലയാളത്തിന് അത്ര ഒഴുക്കില്ല. എന്നാല്‍ അതൊന്നും എടുത്തുപറയാനും മാത്രമുള്ള പ്രശ്‌നമേയല്ല. അത് മെച്ചപ്പെടുത്താന്‍ പ്രണവ് അധ്വാനിക്കുന്നുമുണ്ട്. ഓരോ സിനിമ കഴിയുമ്പോഴും ആ മാറ്റം പ്രേക്ഷകര്‍ക്ക് തന്നെ കാണാവുന്നതാണ്. മനോരമയുമായുള്ള അഭിമുഖത്തില്‍ അരുണ്‍ ഗോപി വ്യക്തമാക്കി.