പൊതുതെരഞ്ഞെടുപ്പ് അടുത്തു, നിരാഹാര സമരവുമായി അണ്ണാ ഹസാരെ രംഗത്ത്: ഇത്തവണ മോദി സർക്കാരിനെതിരെ

single-img
22 January 2019

രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്ര സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി അണ്ണാ ഹസാരെ  നിരാഹാര സമരവുമായി രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി സര്‍ക്കാരിനും എതിരേ ജനുവരി 30 മുതല്‍ നിരാഹാര സത്യാഗ്രഹം ആരംഭിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്. ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വെച്ചാണ് സമരം പ്രഖ്യാപിച്ചത്.

ജീവന്‍ പോകും വരെ സമരം തുടരുമെന്നാണ് അണ്ണാ ഹസാരെ പറയുന്നത്. ലോക്പാല്‍, ലോകായുക്ത ആവശ്യങ്ങള്‍ക്കൊപ്പം കര്‍ഷകരുടെ പ്രശ്‌നങ്ങളാണ് അദ്ദേഹം ഇത്തവണ ഉയര്‍ത്തിക്കാണിക്കുന്നത്. കര്‍ഷക കടങ്ങള്‍ എഴുതിത്തള്ളണം എന്നത് ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ അദ്ദേഹം മുന്നോട്ടുവെക്കുന്നുണ്ട്.

അഴിമതി വിരുദ്ധ ഓംബുഡ്‌സ്മാന്‍ രൂപീകരിക്കുമെന്ന ഉറപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലംഘിച്ചു. ലോക്പാല്‍ രൂപീകരിച്ചിരുന്നെങ്കില്‍, റഫാല്‍ അഴിമതി തന്നെ ഉണ്ടാവില്ലായിരുന്നുവെന്ന് ഹസാരെ പറഞ്ഞു. 2014 തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തിന് ഹസാരെയുടെ സമയം വലിയ പങ്കുവഹിച്ചിരുന്നു. അന്ന് ആര്‍എസ്എസ്സിന്റേയും ബിജെപിയുടേയും പിന്തുണയിലായിരുന്നു സമരം.