‘എല്‍ഡിഎഫ് മക്കള്‍, യുഡിഎഫ് മക്കള്‍, ബിജെപി മക്കള്‍ എന്ന വ്യത്യാസം അമ്മയ്ക്ക് തോന്നുന്നുണ്ടോ എന്ന ആശങ്കയിലുള്ള ഒരു കരച്ചിലായിരുന്നു കോടിയേരിയുടേത്’; അമൃതാനന്ദമയി വിമര്‍ശനത്തില്‍ മന്ത്രി ബാലന്‍

single-img
22 January 2019

അയ്യപ്പസംഗമത്തില്‍ പങ്കെടുത്ത മാതാ അമൃതാനന്ദമയിയെ രൂക്ഷമായി വിമര്‍ശിച്ച കോടിയേരി ബാലകൃഷ്ണന്റെ വാക്കുകളെ ന്യായീകരിച്ച് മന്ത്രി എ.കെ.ബാലന്‍. അമൃതാനന്ദമയിയെ കുറിച്ചുള്ള കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശം ഒരു കരച്ചിലാണെന്ന് മന്ത്രി പറഞ്ഞു.

അമ്മയുടെ മുന്നില്‍ എല്ലാവരും സമമല്ലേ, എല്‍ഡിഎഫ് മക്കള്‍, യുഡിഎഫ് മക്കള്‍, ബിജെപി മക്കള്‍ എന്ന വ്യത്യാസം ഇല്ല. അങ്ങനെയൊരു വ്യത്യാസം അമ്മയ്ക്ക് തോന്നുന്നുണ്ടോ എന്ന ആശങ്കയിലുള്ള ഒരു കരച്ചിലായിരുന്നു കോടിയേരിയുടേത്. രാഷ്ട്രീയ വിമര്‍ശനങ്ങളുയര്‍ന്ന വേദിയില്‍ മാതാ അമൃതാനന്ദമയി പോയത് ശരിയായില്ലെന്നും ബാലന്‍ അഭിപ്രായപ്പെട്ടു.

അതേസമയം, മുന്നാക്ക സംവരണത്തില്‍ സംസ്ഥാനത്ത് എത്ര ശതമാനം വരെ സംവരണം നല്‍കാമെന്നത് ഇടതുമുന്നണി തീരുമാനിക്കുമെന്ന് ബാലന്‍ പറഞ്ഞു. മുന്നാക്കക്കാരിലെ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മാത്രമേ സംവരണം നല്‍കുകയുള്ളുവെന്നും സംവരണം നടപ്പിലാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

10ശതമാനം വരെ സാമ്പത്തിക സംവരണം നല്‍കാമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിയമഭേദഗതിയില്‍ പറയുന്നത്. അതിനാല്‍ എത്ര ശതമാനം വരെ സംവരണം അനുവദിക്കാമെന്നതില്‍ വ്യക്തത വരുത്തണം. വരുമാന പരിധിയെക്കുറിച്ച് കേന്ദ്രത്തിന്റെ നിയമത്തില്‍ വ്യക്തമാക്കുന്നില്ല.

ആദായനികുതി അടക്കുന്നവര്‍ക്കൊന്നും സംവരണം അനുവദിക്കില്ല. മുന്നാക്ക വിഭാഗത്തിലെ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മാത്രമേ സംവരണം നല്‍കാനാവൂ. ഇവരുടെ സാമ്പത്തിക പരിധി എത്രയാക്കണമെന്ന് ഇടതുമുന്നണിയും സര്‍ക്കാരും ആലോചിച്ച് തീരുമാനമെടുക്കും അദ്ദേഹം വ്യക്തമാക്കി.

വരുമാന പരിധിയെക്കുറിച്ച് കേന്ദ്രനിയമത്തില്‍ വ്യക്തതയില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ സംസ്ഥാനത്തിന് തീരുമാനമെടുക്കാം. അതിനായി കെ.ഇ.ആര്‍. ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാല്‍ മതി. ഇതിനുപുറമെ കേന്ദ്രസര്‍വീസുമായി ബന്ധപ്പെട്ട സംവരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ചട്ടം കൊണ്ടുവരണമെന്നും സംവരണകാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.