ബിജെപിയെ തള്ളി നടന്‍ അജിത്: ‘തനിക്ക് രാഷ്ട്രീയമില്ല’

single-img
22 January 2019

തനിക്ക് രാഷ്ട്രീയമില്ലെന്ന് വെളിപ്പെടുത്തി നടന്‍ അജിത്ത്. ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനം നടത്തില്ലെന്നും അജിത്ത് പറഞ്ഞു. തനിക്ക് ഫാന്‍സ് അസോസിയേഷന്‍ ഇല്ല.

അഭിനയം മാത്രമാണ് എന്റെ ജോലി. ഞാനോ ആരാധകരോ രാഷ്ട്രീയപരമായി ബന്ധപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ കുറച്ചുവര്‍ഷം മുന്‍പ് എന്റെ ആരാധക്ലബുകള്‍ പിരിച്ചുവിട്ടിരുന്നുവെന്നും അജിത്ത് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

തിരഞ്ഞെടുപ്പിനു മുന്‍പ് ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത് തെറ്റായ സന്ദേശമാണ്. രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ യാതൊരു താല്‍പര്യവും തനിക്കില്ല. വരിനിന്ന് വോട്ടു രേഖപ്പെടുത്തുക മാത്രമാണു തനിക്ക് രാഷ്ട്രീയവുമായുള്ള ഏക ബന്ധമെന്നും അജിത്ത് പറയുന്നു.

അജിത്തിന്റെ ആരാധകരില്‍ ചിലര്‍ തമിഴിസൈ സുന്ദരെരാജന്റെ സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേരുന്നതിന്റെ വാര്‍ത്തകള്‍ ഞായറാഴ്ച പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് അജിത്ത് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നത്.

ചലച്ചിത്ര മേഖലയിലെ ഏറ്റവും വിശ്വസനീയനായ വ്യക്തിയാണു അജിത്തെന്ന് ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ തമിഴിസൈ സുന്ദരെരാജന്‍ പറഞ്ഞിരുന്നു. ജനങ്ങള്‍ക്കു വേണ്ടി ഒട്ടേറെ നല്ല കാര്യങ്ങള്‍ അദ്ദേഹം ചെയ്യുന്നുണ്ടെന്നും സുന്ദരെരാജന്‍ പറഞ്ഞു.