കാള വാലു പൊക്കുമ്പോള്‍ അറിയാമല്ലോ; അയ്യപ്പ ഭക്ത സംഗമം ബിജെപിയുടെ രാഷ്ട്രീയ മുതലെടുപ്പായിരുന്നുവെന്നു വെള്ളാപ്പള്ളി നടേശൻ

single-img
21 January 2019

തിരുവനന്തപുരത്ത് നടന്ന അയ്യപ്പ ഭക്ത സംഗമംബിജെപിയുടെ രാഷ്ട്രീയമുതലെടുപ്പ് ആയിരുന്നുവെന്ന് വ്യക്തമാക്കി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അയ്യപ്പ ഭക്ത സംഗമത്തിൽ പങ്കെടുക്കാതിരുന്നത് മഹാഭാഗ്യമായെന്നും  അദ്ദേഹം പറഞ്ഞു.

ശബരിമല സമരത്തിനു പിന്നിലുള്ളത് രാഷ്ട്രീയമാണെന്ന് ബിജെപി നേതാക്കള്‍ തന്നെ വ്യക്തമാക്കിയതാണല്ലോയെന്ന് വെള്ളാപ്പള്ളി പറഞ്ഞു. തിരുവനന്തപുരത്തേത് ആത്മീയ സമ്മേളനം എന്നാണ് താന്‍ കരുതുന്നത്. എന്നാല്‍ മുതലെടുപ്പു രാഷ്ട്രീയം അവിടെയുമുണ്ട്. തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനു തിരിച്ചടിയാവുമെന്ന് ആ വേദിയില്‍ തന്നെ ഒരു നേതാവു പ്രസംഗിച്ചിട്ടുണ്ടല്ലോയെന്ന് വെള്ളാപ്പള്ളി പറഞ്ഞു. കാള വാലു പൊക്കുമ്പോള്‍ അറിയാമല്ലോ എന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

അയ്യപ്പ ഭക്ത സംഗമത്തില്‍ കണ്ടത് സവര്‍ണ ഐക്യമാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തുമോയെന്ന് തന്നോടും സംഘാടകര്‍ ആരാഞ്ഞിരുന്നതായി വെള്ളാപ്പള്ളി പറഞ്ഞു. മാതാ അമൃതാനന്ദമയി പങ്കെടുക്കുന്നതിനാല്‍ താനും പോകാനിരുന്നതാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടിയുണ്ടായിരുന്നതിനാല്‍ എത്താനാവില്ലെന്ന് അറിയിക്കുകയായിരുന്നു. തന്റെ ഭാര്യയെ പങ്കെടുപ്പിക്കാനും സമ്മര്‍ദമുണ്ടായതെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

പോകാതിരുന്നത് ഭാഗ്യമായെന്ന് ഇപ്പോള്‍ തോന്നുന്നത്. പോയിരുന്നെങ്കില്‍ തന്റെ നിലപാടിനു വിരുദ്ധമാവുമായിരുന്നു അത്. പങ്കെടുത്തിരുന്നെങ്കില്‍ കെണിയായി മാറിയേനെയെന്ന് വെള്ളാപ്പള്ളി പറഞ്ഞു.