National

വരുൺഗാന്ധി കോൺഗ്രസിലേക്കെന്നു സൂചനകൾ; നെഹ്റു കുടുംബത്തിനെ പ്രതിരോധിക്കാൻ കുടുംബ അംഗത്തെ മുൻനിർത്തിയുള്ള മോദി- അമിത്ഷാ നീക്കം ചീറ്റുന്നു

കുടുംബ അംഗത്തെ മുൻനിർത്തി നെഹ്റു കുടുംബത്തിനെ പ്രതിരോധിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി- അമിത്ഷാ നീക്കങ്ങൾക്കു തിരിച്ചടി സമ്മാനിച്ച് യുവ നേതാവും സുല്‍ത്താന്‍പൂര്‍ എംപിയുമായ വരുണ്‍ ഗാന്ധി കോൺഗ്രസിലേക്കെന്നു സൂചനകൾ. പല കാര്യങ്ങളിലും അഭിപ്രായഭിന്നതയെ തുടര്‍ന്ന് പ്രധാനമന്ത്രി നരന്ദ്രേ മോദിയുമായി വേദി പങ്കിടുന്നത് വരുണ്‍ ഒഴിവാക്കുകയാണെന്നാണ് പുറത്തുവരുന്ന സൂചനകൾ.

പാർട്ടിയുടെ പല നിലപാടുകളും ശരിയല്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുക വഴി ബിജെപിയുടെ കണ്ണിലെ കരടാണ് നിലവിൽ വരുൺ ഗാന്ധി. കാലാവസ്ഥാ മാറ്റം ദുരിതം വിതയ്ക്കുന്ന  സുല്‍ത്താന്‍പൂരിലെ കര്‍ഷകര്‍ക്ക് ആശ്വാസമാകുന്നതിനുവേണ്ടി അവരെ ഇന്‍ഷൂര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വരുൺഗാന്ധി രംഗത്തിറങ്ങിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ബിജെപി സർക്കാർ ഒരു തീരുമാനവും കൈക്കൊണ്ടിരുന്നില്ല.

സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന എംപിമാരുടെ ശമ്പളം ജനക്ഷേമത്തിന് വിനയോഗിക്കുന്നതായി സ്‌കീം വേണമെന്ന് സ്പീക്കര്‍ സുമിത്രാ മഹാജന് വരുണ്‍ കത്ത് നല്‍കി. പക്ഷേ കത്തിനെ തുടര്‍ന്ന് നടപടിയുണ്ടായില്ല.  ഇതിൽ പ്രതിഷേധിച്ച് സ്വന്തം ശമ്പളം കൈപ്പറ്റാതെ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബത്തിന് വരുൺ ഗാന്ധി കൈമാറിയതോടെ സംസ്ഥാന നേതൃത്വവും വരുൺ ഗാധ്ിയുമായുള്ള ആശയപോരാട്ടം രൂക്ഷമാകുകയായിരുന്നു.

കർഷകരുടെ ദുരിതങ്ങൾ സംബന്ധിച്ച് നിരവധി പഠനങ്ങള്‍ നടത്തിയ വരുണ്‍ കാമ്പസുകളില്‍ ഗ്രാമീണ ഇന്ത്യയെയും കര്‍ഷകരെയും സംബന്ധിച്ചും സംവാദങ്ങളും നടത്തിയിരുന്നു. എംപിമാരുടെ ശമ്പളവര്‍ധനയില്‍ വരുണ്‍ മോദിയുമായി ഇടഞ്ഞതും വാർത്തയായിരുന്നു. സാധാരണ ഗതിയില്‍ ആളുകള്‍ക്ക് കഠിനാധ്വാനവും തൊഴിലിലെ മികവുമാണ് ശമ്പള വര്‍ധനത്തിന് സഹായകരമാകുന്നത്. പക്ഷേ എംപിമാര്‍ക്ക് ശമ്പളം വര്‍ധിപ്പിക്കാന്‍ കൈപൊക്കിയാല്‍ മതിയെന്ന് വരുണ്‍ പ്രസംഗിച്ചതും ബിജെപി നേതൃത്വങ്ങളെ ചൊടിപ്പിച്ചിരുന്നു.

എംപിമാരുടെ ശമ്പളം പത്തുവര്‍ഷത്തിനുള്ളില്‍ ഏഴുതവണ വര്‍ധിച്ചതായും വരുൺ  ചൂണ്ടിക്കാട്ടിയിരുന്നു. 2.7 ലക്ഷം രൂപ പ്രതിമാസം ഒരു എംപിക്ക് നല്‍കുന്നത് അനാവശ്യമെന്നും വരുണ്‍ തുറന്നടിച്ചു. വരുണിൻ്റെ  ഈ തുറന്നുപറച്ചിലുകൾ മോദിയെ ചൊടിപ്പിക്കുകയും പ്രധാനമന്ത്രിയുടെ ഓഫീസ് വരുണിനെ താക്കീത് ചെയ്യുകയുമുണ്ടായി.

ജനിച്ച് മൂന്നാം മാസത്തില്‍ മരിച്ച മകളുടെ മരണമാണ് വരുണിനെ മാറ്റിയതെന്നാണ് സൂചനകൾ പ്രചരിക്കുന്നത്. വരുണിൻ്റെ സ്വന്തം കൈയിലിരുന്നാണ് മകള്‍ മരിച്ചത്. തുടര്‍ന്ന് നാലു മാസം വീട്ടില്‍ നിന്നും പുറത്ത് പോകാന്‍ പോലും വരുണ്‍ മടിച്ചിരുന്നു. ഇതിനിടെ മകള്‍ മരിച്ച വരുണിനെ സാന്ത്വനിപ്പിക്കാന്‍ രാഹുലും പ്രിയങ്കയും രാഷ്ട്രീയ വൈര്യം മറന്ന് എത്തിയതും നെഹ്റു കുടുംബാംഗങ്ങൾ തമ്മിൽ മഞ്ഞുരുകുന്നതിന് കാരണമായെന്നാണ് റിപ്പോർട്ടുകൾ.

നെഹ്‌റുവിനെയും ഇന്ദിരയയും തള്ളിപറയുന്ന ബിജെപിയുടെ രാഷ്ട്രീയ നിലപാടുകളിൽ നിന്നും വരുൺ അകലുകയാണെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ വരുണിന് താത്പര്യമുണ്ടെന്നും സൂചനകളുണ്ട്. മനേക ഗാന്ധിയും സോണിയ ഗാന്ധിയും തമ്മിലുള്ള തര്‍ക്കം മാത്രമാണ് വരുണിൻ്റെ കോൺഗ്രസിലേക്കുള്ള മടക്കത്തിന്   തടസ്സമെന്നും എന്നാൽ ഈ തർക്കം അധികനാൾ തുടരില്ലെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

2004 ല്ലാണ് വരുണ്‍ ഗാന്ധി ബിജെപിയില്‍ ചേർന്നത്.  വൻ സ്വീകരണമാണ് അന്ന് വരുൺ ഗാന്ധിക്ക് ലഭിച്ചത്. പാര്‍ട്ടിയുടെ ഏറ്റവും പ്രായംകുറഞ്ഞ ജനറല്‍ സെക്രട്ടറിയായി  വരുൺ ഗാന്ധി അന്നു മാറി. മുസ്ലീം വിരുദ്ധ പ്രസംഗം വരുണിനെ ജയിലിലും എത്തിച്ചു. എന്നാൽ പീന്നീട് രാഷ്ട്രീയമായ ഉറച്ച നിലപാടുകള്‍ വരുണിനെ അമ്മ മനേക ഗാന്ധി കേന്ദ്ര മന്ത്രിയായിട്ടും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെയും മോദിയുടെയും ശത്രുപക്ഷത്ത് നിര്‍ത്തുന്നതിന് കാരണമാകുകയായിരുന്നു.

അമേത്തിയില്‍ രാഹുല്‍ ഗാന്ധിയ്ക്കെതിരെ മത്സരിക്കാൻ മോദിയും അമിത് ഷായും വരുൺ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം അത് ചെവികൊണ്ടില്ല. അമേത്തിയില്‍ നിന്നും ജനവിധി തേടില്ലെന്നും അറിയിച്ചു. തുടർന്നു പ്രചാരണത്തിന് സോണിയയ്ക്കും രാഹുലിനുമെതിരെ രംഗത്ത് വരണമെന്ന്   അമിത് ഷാ ആവശ്യപ്പെട്ടുവെങ്കിലും അതും വരുൺ ഗാന്ധി ചെവികൊണ്ടില്ല. നെഹ്‌റു കുടുംബത്തിലെ അംഗത്തെ മുന്‍നിര്‍ത്തി രാഹുലിനും സോണിയയ്ക്കും തിരഞ്ഞെടുപ്പു നേരിടാമെന്ന അമിത്ഷായുടെ മോഹം ചീറ്റി പോകുകയായിരുന്നു.

ഇതിനെതുടർന്നു പാര്‍ട്ടി പദവികള്‍ വരുണിന് നഷ്ടമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് യുപിയിലെ മോദി എംപിമാരുടെ യോഗത്തിലും വരുണ്‍ പോയില്ല. കുട്ടികള്‍ ശ്വാസം കിട്ടാതെ ഗൊരഖ്പൂരിലെ ആശുപത്രിയില്‍ മരിച്ച സംഭവത്തെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് എതിരെ പഴിചാരി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അഞ്ചുകോടി രൂപ ആധുനികസൗകര്യങ്ങളോടെ ആശുപത്രി നിര്‍മിക്കുന്നതിന് നല്‍കുകയായിരുന്നു.