രഥയാത്രയ്ക്ക് പിന്നാലെ ബംഗാളില്‍ ബി.ജെ.പിയുടെ റാലിയും തടയാനുള്ള ശ്രമങ്ങളുമായി മമത സര്‍ക്കാര്‍; അമിത് ഷായുടെ ഹെലികോപ്ടറിന് ലാന്‍ഡിങ് അനുമതി നിഷേധിച്ചു

single-img
21 January 2019

പശ്ചിമബംഗാളിലെ മാല്‍ഡയില്‍ ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ ഹെലികോപ്ടര്‍ ഇറങ്ങാനുള്ള അനുമതി ജില്ലാഭരണകൂടം നിഷേധിച്ചു. ചൊവ്വാഴ്ച മാല്‍ഡയില്‍ നടക്കാനിരിക്കുന്ന ബി.ജെ.പി റാലിയില്‍ പങ്കെടുക്കുന്നതിനാണ് അമിത് ഷാ ബംഗാളിലെത്തുന്നത്.

അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഈയാഴ്ച ഹെലിക്കോപ്റ്റര്‍ ഇറങ്ങുന്നതിന് അനുമതി നല്‍കാന്‍ കഴിയില്ലെന്നാണ് അധികൃതരുടെ വിശദീകരണം. സര്‍ക്കാര്‍ നീക്കത്തിനെതിരെ ബി.ജെ.പി രംഗത്തെത്തി. ബംഗാളില്‍ ബി.ജെ.പിയുടെ റാലി തടയാന്‍ മമതക്ക് കഴിയില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍പ്രസാദ് പറഞ്ഞു.

ഹെലിപാഡിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. അതില്‍ അറ്റകുറ്റപണികള്‍ നടക്കുകയോ നിര്‍മാണ വസ്തുക്കള്‍ കൂട്ടിയിടുകയോ ചെയ്തിട്ടില്ല. നിലവില്‍ ഹെലികോപ്ടറുകള്‍ക്ക് ലാന്‍ഡ് ചെയ്യാന്‍ കഴിയുന്ന സ്ഥിതി അവിടെയുണ്ട്. അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ നിരത്തി മമത ബാനര്‍ജി അധികാരം ദുരുപയോഗം ചെയ്യുകയാണ്. അമിത് ഷാക്ക് ലാന്‍ഡിങ് അനുമതി നിഷേധിച്ചത് രാഷ്ട്രീയ പകപോക്കലാണെന്നും രവിശങ്കര്‍ പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.

‘മാല്‍ഡ ഡിവിഷനിലെ എക്‌സിക്യൂട്ടിവ് എഞ്ചിനീയറുടെ റിപ്പോര്‍ട്ട് പ്രകാരം എയര്‍പോര്‍ട്ടില്‍ അറ്റകുറ്റപണികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. റണ്‍വേയില്‍ നിര്‍മാണ സാമഗ്രികള്‍ പലതും കൂട്ടിയിട്ടിരിക്കയാണ്. പണികള്‍ നടക്കുന്നതിനാല്‍ താല്‍ക്കാലിക ഹെലിപാഡ് സജ്ജമാക്കാനും കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ഹെലികോപ്ടറുകള്‍ക്ക് ലാന്‍ഡ് ചെയ്യാനുള്ള സൗകര്യം എയര്‍പോര്‍ട്ടിലില്ല.’ എന്നാണ് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഔദ്യോഗികമായി അറിയിച്ചത്.

കഴിഞ്ഞ മാസം ബംഗാളില്‍ ബി.ജെ.പി നടത്താനിരുന്ന രഥയാത്രയ്ക്ക് മമത സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. ബി.ജെ.പി സുപ്രീം കോടതി വരെ നിയമപോരാട്ടം നടത്തിയെങ്കിലും സര്‍ക്കാര്‍ തീരുമാനം കോടതികളും ശരിവച്ചു. തുടര്‍ന്നാണ് ബംഗാളില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ പങ്കെടുപ്പിച്ചുകൊണ്ട് റാലി നടത്താന്‍ തീരുമാനിച്ചത്.