ഭക്തർ മദ്യവും മാംസവും ഒഴിവാക്കുന്നു, ഭാര്യമാരെ ചീത്തയും വിളിക്കുന്നില്ല; ശബരിമല സീസണിൽ നാല്‍പ്പത് ശതമാനം വരെ രോഗികള്‍ കുറവാണെന്ന ഗവേഷണ കണ്ടെത്തലുമായി അമൃതാനന്ദമയി

single-img
21 January 2019

ശബരിമല സീസണ്‍ സമയത്ത് ആശുപത്രികളില്‍ മുപ്പത് മുതല്‍ നാല്‍പ്പത് ശതമാനം വരെ രോഗികള്‍ കുറവാണെന്ന ഗവേഷണ കണ്ടെത്തലുമായി അമൃതാനന്ദമയി. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി സീസണില്‍ നടത്തിയ ഗവേഷണത്തിലാണ് ഇത് കണ്ടെത്തിയതെന്നും  തിരുവനന്തപുരത്ത് നടന്ന ശബരിമല അയ്യപ്പ ഭക്ത സംഗമത്തില്‍ അവര്‍ പറഞ്ഞു.

എന്തുകൊണ്ടാണ് രോഗികള്‍ കുറയുന്നതായി കണ്ടത് എന്നതിനുള്ള നിഗമനവും മാതാ അമൃതാനന്ദമയി യോഗത്തില്‍ പറഞ്ഞു. ആ സമയത്ത് ആളുകള്‍ മദ്യം കുടിക്കുന്നില്ല, മാംസാഹാരം കഴിക്കുന്നില്ല, ഭാര്യമാരെ ചീത്ത വിളിക്കുന്നില്ല, കുടുംബമായി വ്രതം അനുഷ്ടിക്കുന്നു ഇവയൊക്കെയാണ് രോഗികള്‍ കുറയാനുള്ള കാരണമെന്ന് അമൃതാനന്ദമയി പറഞ്ഞു.

എല്ലാ ശബരിമല  സീസണ്‍ സമയത്തും എല്ലാ ആശുപത്രികളിലും താന്‍ ആളെ അയക്കുമെന്നും അതുവഴി ലഭിച്ച വിവരത്തിന് അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നതെന്നും അവർ പറഞ്ഞു. മനസും ശരീരവും തമ്മില്‍ ആ സമയത്ത് ഒരു താളലയം വരുന്നുണ്ടെന്നും  ആ താളലയം കൊണ്ടുവരുന്ന സ്ഥലമാണ് ക്ഷേത്രമെന്നും അവർ വ്യക്തമാക്കി. അതുകൊണ്ട് ആചാരങ്ങള്‍ സംരക്ഷിക്കണമെന്നും സംസ്‌കാരത്തിന്റെ കെട്ടും കുറ്റിയും ആചാരങ്ങളിലാണ് നില്‍ക്കുന്നതെന്നു അമൃതാനന്ദമയി പറഞ്ഞു.

അര്‍ജുനന്‍ യുദ്ധമുറ ചോദിച്ചപ്പോള്‍ ഭീഷ്മരോട് ചോദിക്കാന്‍ പറഞ്ഞ കൃഷ്ണന്റെ മറുപടിയാണ് ശബരിമലയുടെ കാര്യത്തില്‍ തനിക്കും. തന്ത്രിയും പൂജാരികളും ഭക്തരും കൂടിയാലോചിച്ച് ശബരിമലയുടെ കാര്യങ്ങള്‍ തീരുമാനിക്കണം. പയ്യെത്തിന്നാല്‍ പനയും തിന്നാമെന്നും തനിക്ക് മറ്റൊന്നും പറയാനില്ലെന്നും പറഞ്ഞാണ് അമൃതാനന്ദമയി പ്രസംഗം അവസാനിപ്പിച്ചത്.