കോടതി വിലക്കാത്തതിനാല്‍ ശബരിമലയിലെ ശുദ്ധികലശം കോടതിയലക്ഷ്യമാവില്ല: ശബരിമല സമരം മുന്നോട്ടു കൊണ്ടുപോയ തന്നെ മോദി അഭിനന്ദിച്ചുവെന്ന് പിഎസ് ശ്രീധരൻപിള്ള

single-img
21 January 2019

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധിക്കു  പിന്നാലെ ബിജെപി നടത്തിയ സമരം പ്രധാനമന്ത്രിയുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയെന്ന്  ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള. ശബരിമല സമരം നല്ല നിലയില്‍ മുന്നോട്ടു കൊണ്ടുപോയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ അഭിനന്ദിച്ചുവെന്നും  അദ്ദേഹം പറഞ്ഞു.

മോദി കൊല്ലത്ത് എത്തിയപ്പോഴാണ് അഭിനന്ദിച്ചതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ശബരിമലയിലെ സമരം ഉജ്ജ്വല ജനമുന്നേറ്റമായിരുന്നുവെന്നും ശബരിമലയിലെ ശുദ്ധികലശം കോടതി വിലക്കാത്തതിനാല്‍ അത് കോടതിയലക്ഷ്യമാവില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

സംസ്ഥാനത്തെ ബിജെപി നേതാക്കന്മാരെ ലോകമെമ്പാടും അറിയാന്‍ അവസരം നല്‍കിയതായിരുന്നു ശബരിമല വിഷയത്തിലെ സമരമെന്നും ശ്രീധരന്‍പിള്ള കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ശബരിമല വിഷയത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ബി.ജെ.പി നടത്തിയ നിരാഹാര സമരം ഇന്നലെ ബിജെപി അവസാനിപ്പിച്ചതിനു പിന്നാലെയാണ് ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തൽ.